ശബരിമല യുവതീപ്രവേശം: ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി, എതിര്‍ത്ത് സോളിസിറ്റര്‍ ജനറല്‍

ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഒമ്പതംഗ ഭരണഘടന ബെഞ്ചില്‍ ശക്തമായ വാദപ്രതിവാദം.ആചാരങ്ങള്‍ നിർവഹിക്കാനും ദേവനെ സ്പർശിക്കാനും, പ്രത്യേക യോഗ്യതയും പരിജ്ഞാനവുമുള്ള ആളുകളെ മാത്രമേ മതവിഭാഗം അംഗീകരിക്കൂവെന്ന് കേന്ദ്രം വാദിച്ചപ്പോള്‍ ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി മറുപടി നല്‍കി. കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറല്‍ തുഷാർ മേത്തയാണ് വാദിക്കുന്നത്.ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി. അതിനുള്ള അധികാരപരിധിയുണ്ടെന്നും ഇതില്‍ അവസാന വാക്ക് നിയമസഭയ്ക്കാണെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. കോടതിക്ക് ഒരു മതാചാരത്തെ ‘മാത്രം അന്ധവിശ്വാസം’ എന്ന് വിധിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച്‌ കേന്ദ്ര സർക്കാരും നിലപാടെടുത്തു. അതിന് ആവശ്യമായ പണ്ഡിതപരമായ പരിജ്ഞാനം കോടതികള്‍ക്ക് ഇല്ലെന്നും കേന്ദ്രം വാദിച്ചു. എന്നാല്‍ മന്ത്രവാദവാദത്തെ മതാചാരമായി കാണാനാകുമോ എന്ന് കോടതി കേന്ദ്രസർക്കാരിനോട് തിരിച്ചുചോദിച്ചു. മനുഷ്യബലി ഉള്‍പ്പെടെ കാര്യങ്ങള്‍ നടന്നാല്‍ കോടതിക്ക് മറ്റു പരിശോധനകള്‍ ഇല്ലാതെ ഇടപെടാനാകുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പൊതുശാന്തി, നൈതികത എന്നിവയുടെ പരിധിയില്‍ ആചാരങ്ങളെ വിലയിരുത്തി കോടതിക്ക് ഇടപെടാനാകുമെന്ന് ജസ്റ്റിസ് നാഗരത്നയും വ്യക്തമാക്കി. ആചാരങ്ങള്‍ പൊതു ക്രമത്തേയും ധാർമികതയേയും ബാധിക്കുന്നുവെങ്കില്‍ കോടതിക്ക് ഇടപെടാമെന്ന് ചീഫ് ജസ്റ്റിസ്റ്റും പറഞ്ഞു. ക്ഷേത്രത്തില്‍ പൂജാരികളെ നിയമിക്കേണ്ടത് അതിന് യോഗ്യതയുള്ളവരാണെന്ന് കേന്ദ്രം പറഞ്ഞു. ഒരു സർക്കാരിനും അതില്‍ കൈ കടത്താനാകില്ല. വിശ്വാസികളായാലും അല്ലാത്തവരായാലും ഒരു സർക്കാരിന് ഇതിന് അധികാരമില്ല. ആചാരങ്ങള്‍ നിർവഹിക്കാനും ദേവനെ സ്പർശിക്കാനും, പ്രത്യേക യോഗ്യതയും പരിജ്ഞാനവുമുള്ള ആളുകളെ മാത്രമേ മതവിഭാഗം അംഗീകരിക്കൂവെന്നും കേന്ദ്രസർക്കാർ വാദിച്ചു.ഇന്നലെ നടന്ന വാദത്തില്‍ ശബരിമലയിലെ യുവതി പ്രവേശനത്തില്‍ അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. ഇത് തിരുത്തണമെന്നാണ് നിലപാടെന്ന് സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. മതത്തിൻറെ അനിവാര്യ ഘടകമെന്തെന്ന് കോടതികള്‍ മാത്രം തീരുമാനിക്കുന്നത് ഉചിതമല്ലെന്നും തുഷാർ മേത്ത വാദം ഉന്നയിച്ചു. അതേസമയം സ്ത്രീകള്‍ക്ക് ആർത്തവ സമയത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനില്‍ക്കുന്നുവെന്ന് ജസ്റ്റിസ് നാഗരത്ന നീരീക്ഷിച്ചിരുന്നു.ശബരിമലയിലെ ആചാരങ്ങളെ ലിംഗവിവേചനമായി കാണരുതെന്നും തൊട്ടുകൂടായ്മയുമായി ഇത് കൂട്ടികുഴയ്ക്കരുതെന്നും കേന്ദ്രം വാദിച്ചു. . മുൻവിധിയുടെ പുനപരിശോധന എന്നതില്‍ കൃത്യമായ നിലപാടുണ്ടെന്നും എന്നാല്‍ തത്കാലം കോടതി ഉന്നയിച്ച ചോദ്യങ്ങളില്‍ വാദം ഒതുക്കുകയാണെന്നും സോളിസിറ്റർ ജനറല്‍ വ്യക്തമാക്കിയാണ് ഇന്നലെ വാദം പൂർത്തിയാക്കിയത്.എഴുതി നല്‍കിയ വാദങ്ങള്‍ വായിച്ചാല്‍ മാത്രം പോരെന്ന് രാജീവ് ധവാൻ കോടതിയില്‍ ആവശ്യപ്പെട്ടപ്പോള്‍ സോളിസിറ്റർ ജനറല്‍ ഇതിനെ എതിർത്തു. കേന്ദ്രത്തിന്റെ വാദത്തിനുശേഷം സീനിയോറിറ്റി അടിസ്ഥാനത്തില്‍ മറ്റുള്ളവർക്ക് അവസരം നല്‍കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മുതിർന്ന അഭിഭാഷകർ എന്ന നിലയില്‍ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് വാദം തുടങ്ങേണ്ടതെന്ന് രാജീവ് ധവാൻ വാദിച്ചു. കഴിഞ്ഞ ആറാഴ്ചയായി നടത്തിയ കഠിനാധ്വാനം വിഫലമാകുമോയെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. നാളെ കേസ് അവസാനിക്കുകയാണെങ്കില്‍ ആ അധ്വാനത്തിന് എന്ത് സംഭവിക്കുമെന്ന് രാജീവ് ധവാൻ ചോദിച്ചു. സോളിസിറ്റർ ജനറല്‍ എതിർവാദം തുടർച്ചയായി തടസ്സപ്പെടുത്തുന്ന ശീലക്കാരനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിശബ്ദതയാണ് തന്റെ മറുപടിയെന്ന് സോളിസിറ്റർ ജനറല്‍ തിരിച്ചടിച്ചു. പുനപരിശോധനയെ എതിർക്കുന്നവരില്‍ ആദ്യം വാദിക്കാൻ അവസരം നല്‍കണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങും കോടതിയില്‍ ഇന്ന് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *