രാജ്യതലസ്ഥാനത്ത് ദിനംപ്രതി വർധിച്ചുവരുന്ന വായു മലിനീകരണ പ്രതിസന്ധി ഉടനടി പരിഹരിക്കാൻ തങ്ങളുടെ കൈയില്‍ മാന്ത്രിക വടിയൊന്നുമില്ലെന്ന് സുപ്രീംകോടതി.വായു മലിനീകരണം പോലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് നിയമവ്യവസ്ഥയ്ക്കു പരിമിതികളുണ്ട്.ഡല്‍ഹിയില്‍ വായു ഗുണനിലവാരം മോശമാകുന്നതിന് ഒന്നിലധികം കാരണങ്ങളുണ്ട്. അതിനു പരിഹാരം കണ്ടെത്തേണ്ടത് വിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും ഉത്തരവാദിത്വമാണെന്നും ശാശ്വത പരിഹാരമാണു വേണ്ടതെന്നും വിഷയം പരിഗണിക്കുന്നതിനിടയില്‍ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു.വായു മലിനീകരണത്തിന്റെ എല്ലാ കാരണങ്ങളും തിരിച്ചറിയേണ്ടതുണ്ട്. ഏതെങ്കിലും ഒരു കാരണം മാത്രമല്ല മലിനീകരണത്തിനു പിന്നില്‍. മലിനീകരണത്തിനു കാരണമാകുന്ന ഓരോ മേഖലയിലും ഏതൊക്കെ തരത്തിലുള്ള പരിഹാരം കാണാൻ സാധിക്കുമെന്ന് മനസിലാക്കണമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. ഡല്‍ഹി വായു മലിനീകരണ കേസിലെ അമിക്കസ് ക്യൂറി അപരാജിത സിംഗ് കോടതിമുന്പാകെ വിഷയം പരാമർശിക്കുന്പോഴായിരുന്നു ചീഫ് ജസ്റ്റീസിന്റെ മറുപടി.ഡല്‍ഹിയിലെ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തിലാണു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിനു മുന്നില്‍ കേസ് ഇന്നലെ പരാമർശിച്ചത്. എല്ലാ വർഷവും ദീപാവലിയോടനുബന്ധിച്ച് സുപ്രീംകോടതിക്കു മുന്നില്‍ വായു ഗുണനിലവാരം സംബന്ധിച്ച കേസ് ഒരു ആചാരമെന്ന നിലയില്‍ ലിസ്റ്റ് ചെയ്യുന്നതായി ചീഫ് ജസ്റ്റീസ് ഓർമിപ്പിച്ചു. കേസ് തിങ്കളാഴ്ച പരിഗണിക്കുമെന്നും ബെഞ്ച് അറിയിച്ചു.
ഡല്‍ഹി വായു മലിനീകരണം; മാന്ത്രിക വടികളില്ല, ശാശ്വത പരിഹാരം ആവശ്യം: സുപ്രീംകോടതി
