2024-ലെ മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

2024 നവംബറില്‍ നടന്ന മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജി തിങ്കളാഴ്ച (ഓഗസ്റ്റ് 18) സുപ്രീം കോടതി തള്ളി.76 ലക്ഷം വ്യാജ വോട്ടുകള്‍ രേഖപ്പെടുത്തി എന്ന ആരോപണം ഉയർത്തിയായിരുന്നു ഹർജി. ബോംബെ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് തള്ളിയത്.വൈകുന്നേരം 6 മണിക്ക് വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം ഏകദേശം 75 ലക്ഷം വ്യാജ വോട്ടർമാർ വോട്ട് ചെയ്തുവെന്ന ആരോപണത്തോടെ തിരഞ്ഞെടുപ്പ് ഫലം അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ചേതൻ ചന്ദ്രകാന്ത് അഹിരെ സമർപ്പിച്ച ഹർജി ജസ്റ്റിസ് എം.എം. സുന്ദരേഷ് , ജസ്റ്റിസ് എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ആണ് തള്ളിയത്.2025 ജൂണില്‍ ബോംബെ ഹൈക്കോടതി ഇയാളുടെ റിട്ട് ഹർജി തള്ളിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു . ഏകദേശം 95 നിയോജകമണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും എണ്ണിയ വോട്ടുകളുടെ എണ്ണവും തമ്മില്‍ നിരവധി പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ഹർജിക്കാരൻ അവകാശപ്പെട്ടു.ജസ്റ്റിസ് ഗിരീഷ് കുല്‍ക്കർണി, ജസ്റ്റിസ് ആരിഫ് ഡോക്ടർ എന്നിവരടങ്ങിയ മുംബൈ ഹൈക്കോടതി ബെഞ്ച് ഹർജി തീർത്തും അടിസ്ഥാനരഹിതമാണെന്നും കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്നും രേഖപ്പെടുത്തിയിരുന്നു.പത്രവാർത്തയുടെ അടിസ്ഥാനത്തില്‍ ഹർജി നല്‍കിയതിന് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി എന്നതായിരുന്നു ആരോപണം. മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിനെതിരെ രാഹുല്‍ഗാന്ധിയും രംഗത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *