രാജേഷ് ഖന്നയുമായുള്ള ബന്ധം വിവാഹമായി അംഗീകരിക്കണം; അനിതാ അദ്വാനിയുടെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി:അന്തരിച്ച ബോളിവുഡ് താരം രാജേഷ് ഖന്നയുമായുള്ള ബന്ധം വിവാഹമായി അംഗീകരിക്കണമെന്ന നടി അനിതാ അദ്വാനിയുടെ ഹർജി തള്ളി സുപ്രീം കോടതി. കേസ് ആഡംബര വ്യവഹാരമാണെന്ന് കോടതി വിശേഷിപ്പു. ബോംബെ ഹൈക്കോടതിയുടെ ഏപ്രിൽ ഒന്നിലെ ഉത്തരവിനെ ചോദ്യം ചെയ്‌താണ് അനിതാ അദ്വാനി സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഹർജി പരിഗണിക്കാൻ തക്കതായ കാരണങ്ങളൊന്നുമില്ലെന്ന് ജസ്‌റ്റിസുമാരായ എം. എം. സുന്ദരേഷ്, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.ഇതൊരു ആഡംബര വ്യവഹാരമാണെന്ന് കോടതി പറഞ്ഞപ്പോൾ ഹർജിക്കാരി അന്തസിന് വേണ്ടിയാണ് പോരാടുന്നതെന്ന് അനിതാ അദ്വാനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. സിവിൽ കേസിൽ ഇത്തരമൊരു ആവശ്യത്തിന് പിന്നിൽ അന്തസിനായുള്ള ആഗ്രഹമാണുള്ളതെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. 2012 ജൂലൈയിൽ ബോളിവുഡ് സൂപ്പർതാരം രാജേഷ് ഖന്നയുടെ മരണശേഷം തനിക്ക് അനുകൂല വിധി തേടി അനിതാ അദ്വാനി സമർപ്പിച്ച സിവിൽ കേസ് മുംബൈയിലെ ദിൻദോഷി സെഷൻസ് കോടതി 2017 ൽ തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്‌ത് അദ്വാനി നൽകിയ അപ്പീൽ ബോംബെ ഹൈക്കോടതിയും നിരസിക്കുകയാണുണ്ടായത്. ഈ ഹൈക്കോടതി വിധിക്കെതിരെയായിരുന്നു സുപ്രീം കോടതിയിലെ അപ്പീൽ.

രാജേഷ് ഖന്നയുമായി താൻ വർഷങ്ങളായി ലിവ്-ഇൻ ബന്ധത്തിലായിരുന്നുവെന്നാണ് അദ്വാനി അവകാശപ്പെടുന്നത്. എന്നാൽ 2012 ൽ നടൻ്റെ മരണത്തിന് പിന്നാലെ അദ്ദേഹവുമായി അകന്നു കഴിഞ്ഞിരുന്ന ഭാര്യയും പ്രശസ്‌ത നടിയുമായ ഡിംപിൾ കപാഡിയ, മകൾ ട്വിങ്കിൾ ഖന്ന, മരുമകൻ അക്ഷയ് കുമാർ എന്നിവർ ചേർന്ന് മുംബൈയിലെ ആശീർവാദ് എന്ന ബംഗ്ലാവിൽ നിന്ന് തങ്ങളെ ഒഴിപ്പിച്ചു എന്നും അവർ ആരോപിച്ചു. തുടർന്ന് 2013 ൽ ഡിംപിൾ കപാഡിയ, മക്കൾ, മരുമകൻ എന്നിവർക്കെതിരെ ഗാർഹിക പീഡനങ്ങളിൽ നിന്നുള്ള സ്ത്രീ സംരക്ഷണ നിയമ പ്രകാരം (ഡിവിഎ, 2005) അദ്വാനി മജിസ്‌ട്രേറ്റിന് മുന്നിൽ പരാതി നൽകി.

സാസിഷ്, ദാസി ഉൾപ്പെടെ ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്വാനി മാസംതോറുമുള്ള ജീവനാംശവും മുംബൈയിലെ ആഡംബര പ്രദേശമായ ബാന്ദ്രയിൽ മൂന്ന് കിടപ്പുമുറികളുള്ള ഫ്ലാറ്റും ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2015 ൽ ഹൈക്കോടതി അദ്വാനിയുടെ പരാതി റദ്ദാക്കുകയും, കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ഡിംപിൾ കപാഡിയയും കുടുംബവും നൽകിയ ഹർജികൾ പരിഗണിക്കുകയും ചെയ്‌തു.നടപടികൾ റദ്ദാക്കിക്കൊണ്ട് അദ്വാനിക്ക് രാജേഷ് ഖന്നയുമായുണ്ടായിരുന്ന ബന്ധം വിവാഹത്തിൻ്റെ സ്വഭാവമുള്ളതല്ലെന്നും അതിനാൽ ഗാർഹിക പീഡന നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ തേടാൻ അവർക്ക് അർഹതയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കൂടാതെ അനിതാ അദ്വാനി അന്തരിച്ച നടൻ്റെ കുടുംബാംഗങ്ങളോടൊപ്പം ഒരിക്കലും ഒരുമിച്ച് താമസിച്ചിട്ടില്ലാത്തതിനാൽ അവരെയെല്ലാം ഈ നിയമനടപടികളിലേക്ക് വലിച്ചിഴക്കാൻ കഴിയില്ലെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *