അനാവശ്യ തിടുക്കംകാട്ടി’; സിഎംആർ എക്സാലോജിക് കേസിലെ ഹർജിക്കാരന് പതിനായിരം രൂപ പിഴ ചുമത്തി ഹൈക്കോടതി

കൊച്ചി: സിഎംആർ എക്സാലോജിക് കേസിലെ ഹർജിക്കാരന് പിഴ ചുമത്തി ഹൈക്കോടതി. കേസിലെ ഹർജിക്കാരൻ എം.ആർ. അജയനാണ് മൂന്ന് കേസുകളിൽ ₹10,000 രൂപ വീതം പിഴ ചുമത്തിയത്. ക്രിസ്മസ് അവധിക്ക് ശേഷം മറ്റൊരു ദിവസത്തേക്ക് പരിഗണിക്കാനായി മാറ്റിയിരുന്ന ഹർജികൾ അവധിക്കാല ബെഞ്ചിന്റെ മുന്നിലേക്ക് പോടുന്നനെ എത്തിയതോടെയാണ് അനാവശ്യ തിടുക്കം കാട്ടിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജിക്കാരന് പിഴചുമത്തിയത്.ചൊവ്വാഴ്ച എംആർ അജയന്റെതായി മൂന്ന് ഹർജികളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ മുൻപാകെ എത്തിയത്. അതിലൊന്ന് മാസപ്പടി കേസ് ആയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശബരിമല സ്വർണക്കൊള്ള കേസിൽ സിബി അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കക്ഷിചേരാനുള്ള അപേക്ഷയായിരുന്നു മറ്റൊന്ന്. കൂടാതെ, മറ്റൊരു കേസും എംആർ അജയന്റെതായി അവധിക്കാല ബെഞ്ചിന് മുന്നിൽ എത്തി. ഇതോടെയാണ് ഹർജിക്കാരൻ അനാവശ്യ തിടുക്കം കാട്ടുന്നതായി ചൂണ്ടിക്കാട്ടി കോടതി പിഴ ചുമത്തിയത്.മാസപ്പടി കേസ് ജനുവരി 21-ന് ഹൈക്കോടതി ലിസ്റ്റ് ചെയ്തിട്ടുള്ളതാണ്. അത് ഇന്ന് ഒരു ഇന്റർലോക്കട്ടറി അപ്ലിക്കേഷൻ ആയി കൊണ്ടുവരികയായിരുന്നു. അതിനൊപ്പമാണ് ശബരിമല സ്വർണക്കൊള്ള കേസിൽ കക്ഷിചേരാനുള്ള അപേക്ഷയും നൽകിയത്. ഇതുരണ്ടും അടുത്തടുത്ത ഹർജികളായാണ് ബെഞ്ചിന് മുമ്പാകെ എത്തിയത്. എന്നാൽ, അപ്പോൾ ഈ ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരുണ്ടായിരുന്നില്ല. അഡീഷണൽ സോളിസിറ്റർ ജനറൽ അടക്കമുള്ള മറ്റ് അഭിഭാഷകർ ഓൺലൈനായി ഹാജരാകുകയും ചെയ്തിരുന്നു. ഈ ഹർജികൾ എന്തിനുവേണ്ടിയാണ് എത്തിയതെന്ന് അഡീഷണൽ സോളിസിറ്റർ ജനറലിനോ മറ്റ് അഭിഭാഷകർക്കോ അറിയുമായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കോടതി ഹർജിക്കാരന് 10,000 രൂപവീതം പിഴയിട്ടത്.ചൊവ്വാഴ്ച രാവിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ സിറ്റിങ് ഉണ്ടായിരുന്നില്ല. ജസ്റ്റിസ് ധർമാധികാരി ആയിരുന്നു രാവിലെ സിറ്റിങ് നടത്തേണ്ടിയിരുന്നത്. എന്നാൽ, അദ്ദേഹം ഉണ്ടായിരുന്നില്ല. പിന്നീട് ഉച്ചയ്ക്ക് ശേഷം ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ ആണ് ഡിവിഷൻ ബെഞ്ചിന്റെ അധ്യക്ഷനായി വന്നത്. ഈ ഘട്ടത്തിലാണ് ഈ മൂന്ന് ഹർജികളും കോടതിയുടെ മുന്നിലേക്കെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *