ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി എ. പത്മകുമാറിന്‍റെ ജാമ്യഹരജി വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസില്‍ സ്വാഭാവിക ജാമ്യം തേടിയാണ് ദേവസ്വം മുൻ പ്രസിഡന്‍റ് ജാമ്യഹരജി സമർപ്പിച്ചത്.ജാമ്യം ലഭിച്ചാലും ദ്വാരപാലക ശില്പ കേസില്‍ റിമാൻഡ് കാലാവധി കഴിയാത്തതിനാല്‍ ജയില്‍ മോചിതൻ ആകാൻ ആവില്ല.2025 നവംബർ 20 -ാം തിയതിയാണ് സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസില്‍ ആയിരുന്നു പത്മകുമാറിന്റെ ആദ്യ അറസ്റ്റ്. പിന്നാലെ റിമാൻഡില്‍ കഴിയവേ ദ്വാരപാലക ശില്പ കേസിലും എസ്‌ഐടി പത്മകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായി 90 ദിവസം പൂർത്തിയായതോടെയാണ് സ്വാഭാവിക ജാമ്യം തേടി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചത്.ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ടശേഷം ഉത്തരവിനായി മാറ്റാനാണ് സാധ്യത. എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാല്‍ പത്മകുമാരനും സ്വാഭാവിക ജാമ്യം ലഭിക്കും. അതെ സമയം കട്ടിളപ്പാളി കേസില്‍ ജാമ്യം ലഭിച്ചാലും ദ്വാരപാലക ശില്പ കേസില്‍ റിമാൻഡ് തുടരുന്നതിനാല്‍ ജയില്‍ മോചിതനാകില്ല. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും എൻ. വാസുവും അടക്കമുള്ളവർ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങിയിരുന്നു. 41 -ാം ദിനം തന്ത്രിക്കും കോടതി ജാമ്യം നല്‍കി. പത്മകുമാറിനെതിരെ ദേവസ്വം ബോർഡ് മുൻ അംഗങ്ങള്‍ അടക്കം മൊഴി നല്‍കിയിരുന്നു. കേസിലെ മറ്റൊരു പ്രതി ദേവസ്വം ബോർഡ് മുൻ അംഗമായിരുന്ന കെ.പി ശങ്കർദാസ് ആരോഗ്യപ്രശ്നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി സമർപ്പിച്ച ജാമ്യഹർജി 23 നാണ് വിജിലൻസ് കോടതി പരിഗണിക്കുക.
ശബരിമല സ്വര്‍ണക്കൊള്ള; എ. പത്മകുമാറിന്‍റെ ജാമ്യഹർജി ഇന്ന് കോടതിയില്‍
