ശബരിമല സ്വര്‍ണക്കൊള്ള; പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ളക്കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം.അടുത്തയാഴ്ച വീണ്ടും നോട്ടീസ് നല്‍കാനാണ് തീരുമാനം. ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തില്‍ വ്യക്തത തേടും. ചട്ടലംഘനം അടക്കമുള്ളവയില്‍ ചോദ്യങ്ങളുണ്ടാവും. സ്വർണപ്പാളികള്‍ കൊടുത്തുവിടുന്നത് സ്പെഷ്യല്‍ കമ്മീഷണറെ അറിയിക്കാത്തതില്‍ ദുരൂഹതയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ഭരണസമിതിയിലെ മറ്റ് അംഗങ്ങളെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.അതേസമയം, ദേവസ്വം വകുപ്പ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി.എസ് പ്രശാന്തിന്റെയും മൊഴിയില്‍ വിശദമായ പരിശോധനയ്ക്കാണ് അന്വേഷണസംഘം തയാറെടുക്കുന്നത്. സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തു വിടുന്നതില്‍ ദേവസ്വം വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്നാണ് കടകംപള്ളി സുരേന്ദ്രൻ നല്‍കിയ മൊഴി.ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയമുണ്ടെന്ന് കടകംപള്ളി സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇയാളുമായി താൻ സാമ്ബത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നാണ് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുള്ളത്. സ്വർണപ്പാളികള്‍ കൊടുത്തുവിട്ടതില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നാണ് പി.എസ് പ്രശാന്ത് നല്‍കിയിരിക്കുന്ന മൊഴി.

Leave a Reply

Your email address will not be published. Required fields are marked *