ഷര്‍ട്ടൂരി പ്രതിഷേധിക്കുന്നത് കുറ്റകൃത്യമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: എ.ഐ ഉച്ചകോടി വേദിയില്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യം തടഞ്ഞ സെഷന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി. പ്രതിഷേധം രാഷ്ട്രീയപരമായ എതിര്‍പ്പാണെന്നും അത് സംഘടിതമോ ആവര്‍ത്തിച്ചുള്ളതോ ആയ കുറ്റകൃത്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സെഷന്‍സ് കോടതിയുടെ ഇടക്കാല സ്റ്റേ ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കവേ, കീഴ്ക്കോടതി ഉത്തരവിലെ യുക്തിയുടെ അഭാവത്തെ ജസ്റ്റിസ് സൗരഭ് ബാനര്‍ജിയുടെ ബെഞ്ച് ചോദ്യം ചെയ്തു.’ഈ ഉത്തരവില്‍ ന്യായവാദം എവിടെയാണ്? നിങ്ങള്‍ക്ക് ഒന്നാം പേജ് കാണാം. പേജ് മറിച്ചിടൂ. ന്യായവാദമോ കണ്ടെത്തലോ എവിടെയാണ്?’ ജസ്റ്റിസ് ബാനര്‍ജി തുറന്ന കോടതിയില്‍ ചോദിച്ചു.പ്രതിഷേധക്കാര്‍ നാശനഷ്ടങ്ങള്‍ വരുത്തിയതിനോ പരിഭ്രാന്തി സൃഷ്ടിച്ചതിനോ തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം ആവശ്യമില്ലാതിരുന്നിട്ടും വിചാരണയില്ലാതെ അവരെ ജയിലില്‍ തുടര്‍ന്നും പാര്‍പ്പിക്കുന്നത് ഭരണഘടനയുടെ 21ാം വകുപ്പ് നല്‍കുന്ന സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പിനായി കാത്തിരിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്നും ചിബിന്റെ അഭിഭാഷകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഭാരത് മണ്ഡപത്തില്‍ നടന്ന എ.ഐ ഇംപാക്റ്റ് ഉച്ചകോടി വേളയില്‍ ഫെബ്രുവരി 20 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ആഗോള പ്രാധാന്യമുള്ള ഉച്ചകോടിയുടെ വേദിയിലെ പ്രതിഷേധം രാജ്യസുരക്ഷക്കും അന്താരാഷ്ട്ര ബന്ധങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

Leave a Reply

Your email address will not be published. Required fields are marked *