കൊച്ചി : പോക്സോ കേസുകളിൽ ഹാജരാകാൻ മാത്രമായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കണമെന്ന് ഹൈക്കോടതി. മറ്റ് കേസുകളുടെ ചുമതല ഇവർക്ക് നൽകരുത്. മറ്റ് ചുമതലകൾകൂടി നൽകി പുറപ്പെടുവിക്കുന്ന സർക്കാർ ഉത്തരവുകൾ നിലനിൽക്കില്ല. പോക്സോ കേസുകൾ കൈകാര്യം ചെയ്യാൻ മാത്രമായി ആറാഴ്ചക്കകം പ്രത്യേക പ്രോസിക്യൂട്ടർമാരെ നിയമിക്കണമെന്നും ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് സർക്കാറിനോട് നിർദേശിച്ചു.പോക്സോ കേസ് പ്രോസിക്യൂട്ടർമാർക്ക് ബാലനീതി നിയമപ്രകാരമുള്ള കേസുകളുടെയടക്കം അധിക ചുമതല നൽകി 2025ൽ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് തൊടുപുഴ -മുട്ടം ജില്ലാ കോടതി ബാർ അസോസിയേഷനും സെക്രട്ടറി ഷാജി ജോസഫും നൽകിയ പൊതുതാൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്.പോക്സോ കോടതികളിൽ കുട്ടികളുടെ മനഃശാസ്ത്രം അറിഞ്ഞ് പെരുമാറാൻ പ്രത്യേക പരിശീലനം ലഭിച്ച പ്രോസിക്യൂട്ടർമാരുടെ സേവനം അനിവാര്യമാണെന്ന സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് സർക്കാർ ഉത്തരവെന്ന് കോടതി ചൂണ്ടിക്കാട്ടി. എറണാകുളം ഒഴികെ ശേഷിക്കുന്ന 13 ജില്ലകളിലും സ്ഥിരം പോക്സോ കോടതികൾ സ്ഥാപിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും നിലവിലെ കോടതികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സാമ്പത്തിക സഹായം സർക്കാർ നൽകണമെന്നും കോടതി നിർദേശിച്ചു
പോക്സോ കേസുകൾ; പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കണം: ഹൈക്കോടതി
