കേരളത്തില്‍ പോക്സോ കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വർധിക്കുന്നതായി സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.ഈ വർഷം ആദ്യ രണ്ട് മാസത്തിനുള്ളില്‍ മാത്രം സംസ്ഥാനത്ത് 380 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. സ്വന്തം വീടുകളില്‍ പോലും ആണ്‍-പെണ്‍ ഭേദമില്ലാതെ കുട്ടികള്‍ സുരക്ഷിതരല്ലെന്ന ഞെട്ടിപ്പിക്കുന്ന വസ്‌തുതയിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മലപ്പുറം ജില്ലയാണ് കേസുകളുടെ എണ്ണത്തില്‍ തുടർച്ചയായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഈ വർഷം ആദ്യ രണ്ട് മാസത്തിനിടെ മലപ്പുറത്ത് 46 കേസുകള്‍ റിപ്പോർട്ട് ചെയ്‌തപ്പോള്‍, കോഴിക്കോട് റൂറലില്‍ 35-ഉം പാലക്കാട് 26-ഉം കേസുകള്‍ വീതം രേഖപ്പെടുത്തി.കഴിഞ്ഞ വർഷത്തെ (2025) കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകെ 4,753 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 465 കേസുകളുമായി മലപ്പുറം തന്നെയായിരുന്നു മുന്നില്‍. തിരുവനന്തപുരം റൂറലില്‍ 458 കേസുകളും എറണാകുളം റൂറലില്‍ 288 കേസുകളും കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തു‌തു. മുൻ വർഷങ്ങളിലും സമാനമായ സാഹചര്യം തന്നെയാണ് നിലനിന്നിരുന്നത്. 2024-ല്‍ ആകെ 4,594 കേസുകള്‍ റിപ്പോർട്ട് ചെയ്‌തപ്പോള്‍ മലപ്പുറത്ത് മാത്രം 504 കേസുകള്‍ ഉണ്ടായിരുന്നു. 2023-ല്‍ 4,641 കേസുകളും 2022-ല്‍ 4,518 കേസുകളുമാണ് സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്തത്. ഈ വർഷങ്ങളിലെല്ലാം 500-ലധികം കേസുകളുമായി മലപ്പുറം ജില്ല പട്ടികയില്‍ ഒന്നാമതായി തുടർന്നു. ഓരോ വർഷവും തിരുവനന്തപുരം റൂറലും എറണാകുളം റൂറലുമാണ് കേസുകളുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ള മറ്റ് പ്രധാന മേഖലകള്‍.

Leave a Reply

Your email address will not be published. Required fields are marked *