തൃശൂർ പാലിയേക്കരയില്‍ ടോള്‍ പിരിക്കാൻ അനുവാദം നല്‍കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി.ഗതാഗതം ഇതുവരെ സുഗമമാക്കിയിട്ടില്ലെന്നാണ് ഹർജിക്കാരന്റെ വാദം. ഗതാഗതം സുഗമമാക്കാതെ ടോള്‍ പിരിക്കാൻ പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് ടോള്‍ പിരിക്കാൻ അനുമതി നല്‍കിയത്. 71 ദിവസത്തെ വിലക്കിന് ശേഷം ഒക്ടോബർ 17നാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിച്ചത്. ഓഗസ്റ്റ് ആറിനാണ് ടോള്‍ വിലക്ക് ഹൈക്കോടതി ഏർപ്പെടുത്തിയത്. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി ടോള്‍ വിലക്ക് ഏർപ്പെടുത്തിയത്. പിന്നാലെ നിർമാണ പ്രവർത്തനങ്ങള്‍ വിലയിരുത്താൻ മോണിറ്ററിങ് കമ്മിറ്റിയെ നിയോഗിച്ചു.ചിലയിടങ്ങളില്‍ ഇപ്പോഴും പ്രശ്നങ്ങളുണ്ടെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ചൂണ്ടിക്കാണിച്ചെങ്കിലും ദേശീയപാത അതോറിറ്റിയെ കൂടി പരിഗണിച്ചാണ് ടോള്‍ വിലക്ക് നീക്കാൻ ഹൈക്കോടതി തീരുമാനിച്ചത്. പുതുക്കിയ ടോള്‍ നിരക്ക് ഈടാക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
പാലിയേക്കരയിലെ ടോള്‍ പിരിവ്: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം; സുപ്രീംകോടതിയില്‍ ഹര്‍ജി
