കടമ്പ കടക്കാൻ ഔട്ടർ റിങ് റോഡ് പദ്ധതി; ഭൂമിയേറ്റെടുക്കലിൽ പരിഹാരമാകുന്നു, ഇടപെട്ട് ഹൈക്കോടതി

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്ന തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിൽ ആശങ്കകൾക്ക് പരിഹാരമാകുന്നു. ഔട്ടർ റിങ് റോഡ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തത വരുത്താൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നാലാഴ്ച സമയം അനുവദിച്ചു.ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കണമെന്നും നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് പദ്ധതി പ്രദേശത്തെ അഞ്ച് ഭൂവുടമകൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഭാഗത്ത് നിന്നും നിർണായക ഇടപെടൽ ഉണ്ടായത്. പദ്ധതിയെക്കുറിച്ചുള്ള നീണ്ട അനിശ്ചിതത്വത്തിനിടയിലാണ് കോടതിയുടെ ഭാഗത്ത് നിന്നും ഈ നിർണായക ഉത്തരവ് ഉണ്ടായത്. നാലാഴ്ചയ്ക്കുള്ളിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കണമെന്നോ നഷ്ടപരിഹാരം നൽകണമെന്നോ കോടതി പ്രത്യേകം നിർദേശിച്ചിട്ടില്ല. സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി പദ്ധതിയെക്കുറിച്ച് എന്ത് തീരുമാനമെടുത്തുവെന്ന് പരിശോധിക്കാൻ നാലാഴ്ച സമയം വേണമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് കോടതി കേസ് നവംബർ 27 ലേക്ക് മാറ്റി. ഈ കാലയളവിനുള്ളിൽ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ.ദേശീയപാത നിയമപ്രകാരം ‘3D’ വിജ്ഞാപനം പുറപ്പെടുവിച്ച ഭൂമികൾ ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാക്കണമെന്നും നഷ്ടപരിഹാരത്തുക നിശ്ചയിച്ച് വിതരണം ചെയ്യണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ), സംസ്ഥാന സർക്കാർ, ജില്ലാ കളക്ടർ, ഭൂമി ഏറ്റെടുക്കൽ അധികൃതർ എന്നിവരാണ് ഹർജിയിലെ എതിർകക്ഷികൾ.

Leave a Reply

Your email address will not be published. Required fields are marked *