ഉള്ളിയിലെ ‘നെഗറ്റീവ് എനര്‍ജി’യെ കുറിച്ച്‌ പഠനം വേണം; ഹര്‍ജി തള്ളി സുപ്രീംകോടതി

ഉള്ളിയിലെയും വെളുത്തുള്ളിയിലെയും ‘നെഗറ്റീവ് എനര്‍ജി’യെ കുറിച്ച്‌ ശാസ്ത്രീയപഠനം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.ജൈനമതവിശ്വാസികളുടെ ഭക്ഷണശീലത്തെ ചോദ്യം ചെയ്ത് അവരുടെ വികാരം വ്രണപ്പെടുത്തുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.അഭിഭാഷകനായ സച്ചിന്‍ ഗുപ്തയാണ് ഇതുള്‍പ്പെടെ അഞ്ചു പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ നല്‍കിയത്. അടിസ്ഥാനമില്ലാത്തതെന്ന് വിമര്‍ശിച്ച്‌ ഇവയെല്ലാം കോടതി തള്ളുകയായിരുന്നു. പാതിരാത്രിയിലിരുന്നാണോ ഇത്തരം ഹര്‍ജികള്‍ തയ്യാറാക്കിയതെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഇനിയും ഇത്തരം ഹര്‍ജിയുമായി വന്നാല്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പും നല്‍കി.മദ്യത്തിലെയും പുകയില ഉല്‍പ്പന്നങ്ങളിലെയും ദോഷകരമായ വസ്തുക്കള്‍ നിയന്ത്രിക്കണം, സ്വത്ത് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശങ്ങളിറക്കണം, ക്ലാസിക്കല്‍ ഭാഷാപദവി നല്‍കാന്‍ മാര്‍ഗരേഖ വേണം എന്നിങ്ങനെയായിരുന്നു മറ്റു ഹര്‍ജികളിലെ ആവശ്യങ്ങള്‍. എല്ലാം അവ്യക്തവും കൃത്യമായ നിയമാടിത്തറയില്ലാത്തതുമായ ഹര്‍ജികളാണെന്ന് കോടതി വിമര്‍ശിച്ചു. ഹര്‍ജി നല്‍കിയത് അഭിഭാഷകനല്ലായിരുന്നെങ്കില്‍ വന്‍തുക പിഴ ചുമത്തിയേനെയെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *