ശബരിമലക്കേസില്‍ മുൻനിശ്ചയിച്ച ദിവസങ്ങളേക്കാള്‍ ഭരണഘടന ബെഞ്ചിന്‍റെ വാദം നീണ്ടേക്കും. ഇന്നലെ യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം പൂർത്തിയായില്ല.ഈ സാഹചര്യത്തില്‍ വീണ്ടും വാദം നീണ്ടു പോകാനാണ് സാധ്യത. അതേസമയം ഹിന്ദു ക്ഷേത്രങ്ങളില്‍പ്രവേശിക്കുന്നതില്‍ നിന്ന് പ്രത്യേക വിഭാഗത്തെ വിലക്കുന്നത് ഹിന്ദുമതത്തിന്‍റെ അന്തസത്തയ്ക്ക് ചേർന്നതല്ലെന്ന് ജസ്റ്റിസ് നാഗരത്ന, വാദം കേള്‍ക്കുന്നതിനിടെ വ്യക്തമാക്കി. ശബരിമല യുവതിപ്രവേശം അടക്കം വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒമ്പതംഗ ഭരണഘടന ബെഞ്ചിന്‍റെ വാദം ആകെ ഏട്ട് ദിവസമാണ് ഈ മാസം നിശ്ചയിച്ചിരുന്നത്.കഴിഞ്ഞ മൂന്ന് ദിവസത്തില്‍ യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാല്‍, ഇന്നലെ വരെ കേന്ദ്രത്തിന്‍റെയും എന്‍എസ്‌എസിന്‍റെയും അടക്കം വാദം മാത്രമാണ് നടന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ്, സംസ്ഥാന സർക്കാർ, തന്ത്രി അടക്കം മുപ്പതിലധികം കക്ഷികളുടെ വാദം കേള്‍ക്കാനുണ്ട്. അടുത്ത ചൊവ്വാഴ്ച്ച മുതല്‍ വ്യാഴാഴ്ച വരെ യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദമാണ് തീരുമാനിച്ചത്. എന്നാല്‍, ചൊവ്വാഴ്ച്ച അംബേദ്ക്കർ ജയന്തിയുടെ ഭാഗമായി കോടതിക്ക് അവധിയാണ്. എതിര്‍ക്കുന്നവരുടെ വാദം പൂര്‍ത്തിയായിട്ടുമില്ല. ഈ സാഹചര്യത്തില്‍ വീണ്ടും വാദം തുടങ്ങുന്ന ഏപ്രില്‍ 15ന് യുവതി പ്രവേശനത്തിനെ എതിർക്കുന്നവരുടെ വാദമാകും നടക്കുക. ദേവസ്വം ബോർഡിനായി മുതിർന്ന് അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി രണ്ടു ദിവസമാണ് ആഭ്യർത്ഥിച്ചിരിക്കുന്നത്. ഇതിനാല്‍ അടുത്തയാഴ്ച്ചയും യുവതി പ്രവേശനത്തിനെ എതിർക്കുന്നവരുടെ വാദമാകും തുടരുക. ഈ സാഹചര്യത്തില്‍ ഈ മാസം അവസാനം വരെ വാദം നീളാനാണ് സാധ്യത.ഇതിനിടെ ഇന്നലെ നടന്ന വാദത്തിനിടെ ക്ഷേത്രങ്ങളില്‍ ആരാണ് പ്രവേശിക്കണ്ടതെന്ന് ആ വിഭാഗത്തില്‍പ്പെട്ടവരാണ് തീരുമാനിക്കേണ്ടതെന്ന് എൻഎസ്‌എസ്, കേരള ക്ഷേത്ര സമിതിയുടെ മാതൃ സമിതി എന്നിവ ഉള്‍പ്പടെ മൂന്ന് കക്ഷികള്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ വാദിച്ചിരുന്നു. എന്നാല്‍, ഈ വാദം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ബിവി നാഗരത്ന, ക്ഷേത്രങ്ങളില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവർക്കും പ്രവേശനം അനുവദിക്കുന്നതാണ് ഹിന്ദു മതത്തിന്റെ അന്ത സത്തയെന്നും ആരുടെയും പ്രവേശനം തടയാൻ പാടില്ലെന്നും അഭിപ്രായപ്പെട്ടു. ശബരിമല ക്ഷേത്രത്തിന്‍റെ പശ്ചാത്തലത്തില്‍ അല്ല ഇക്കാര്യം പറയുന്നതെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കിയിരുന്നു. മറ്റു മതങ്ങളില്‍നിന്ന് വ്യത്യസ്തമായി ഹിന്ദുമതത്തില്‍ ഓരോ ആരാധനാലയങ്ങള്‍ക്കും പ്രത്യേക ആചാരമുണ്ട്. ഏത് ക്ഷേത്രത്തിലാണ് പോകുന്നവർ ആ ക്ഷേത്രത്തിലെ ആചാരം പാലിക്കണം എന്നും ജസ്റ്റിസ് ബി വി നാഗരത്ന നീരിക്ഷിച്ചു. അവിശ്വാസിക്കും മതപരമായ വിഷയങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി പറഞ്ഞു.
ശബരിമല യുവതി പ്രവേശന കേസ്; ഭരണഘടന ബെഞ്ചിന്‍റെ വാദം നീണ്ടേക്കും, എതിര്‍ക്കുന്നവരുടെ വാദം പൂര്‍ത്തിയായില്ല
