വിദ്യാഭ്യാസ അവകാശ നിയമം; ന്യൂനപക്ഷ സ്കൂളുകളെ ഒഴിവാക്കിയതിനെതിരായ ഹര്‍ജിക്ക് ഒരു ലക്ഷം പിഴ ചുമത്തി സുപ്രീംകോടതി

വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളില്‍നിന്നു ന്യൂനപക്ഷ സ്കൂളുകളെ ഒഴിവാക്കിയ മുൻ ഉത്തരവിനെതിരായ ഹർജിയില്‍ സുപ്രീംകോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി.ഇത്തരം ഹർജികള്‍ ഫയല്‍ ചെയ്തു ജുഡീഷറിയെ തരംതാഴ്ത്തരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് ഹർജിക്കാരനു പിഴ ചുമത്തിയത്. സുപ്രീംകോടതിയുടെ സ്വന്തം വിധിന്യായങ്ങള്‍ക്കെതിരേ ഇത്തരം ഹർജികള്‍ ഫയല്‍ ചെയ്യാൻ അഭിഭാഷകന് എങ്ങനെ ഉപദേശം നല്‍കാൻ സാധിക്കുന്നുവെന്നും ബെഞ്ച് ചോദിച്ചു.വിദ്യാഭ്യാസ അവകാശ നിയമത്തില്‍നിന്ന് ന്യൂനപക്ഷ സ്കൂളുകള്‍ക്കു സംരക്ഷണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വോയ്സ് ഓഫ് എഡ്യുക്കേഷൻ ഫോറം എന്ന സർക്കാരിതര സംഘടനയാണ് (എൻജിഒ) സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഇത്തരം ഹർജികള്‍ നീതിന്യായ വ്യവസ്ഥയ്ക്ക് എതിരാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം ഹർജികള്‍ ഫയല്‍ ചെയ്തു രാജ്യത്തെ നിയമസംവിധാനത്തെ തകർക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അവകാശം നല്‍കുന്ന ഭരണഘടനയുടെ ആർട്ടിക്കിള്‍ 30 (1) പ്രകാരം കേന്ദ്രസർക്കാർ പാസാക്കിയ വിദ്യാഭ്യാസ അവകാശനിയമം ബാധകമാകില്ലെന്നായിരുന്നു 2014ലെ സുപ്രീംകോടതി ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *