പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കർശന നിബന്ധനകളോടുകൂടിയാണ് ജാമ്യം നല്‍കിയത്.
അതിജീവതയെ സ്വാധീനിക്കാൻ പാടില്ല,അന്വേഷണം ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടണം, അന്വേഷണവുമായി പൂർണമായി സഹകരിക്കണം തുടങ്ങിയ നിബന്ധനകളാണ് കോടതി മുന്നോട്ടുവെച്ചിട്ടുള്ളത്. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.നേരത്തെ ഹർജിയില്‍ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.പ്രതിക്കെതിരായ ആരോപണങ്ങളില്‍ തെളിവുകള്‍ പരിശോധിച്ച കോടതി, അന്വേഷണവുമായി സഹകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരും പരാതിക്കാരിയും ജാമ്യാപേക്ഷയെ ശക്തമായി എതിർത്തപ്പോള്‍, തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗൂഢാലോചനയുണ്ടെന്നുമാണ് വേണു ഗോപാലകൃഷ്ണന്റെ വാദം. ഇരു കക്ഷികളും തമ്മില്‍ മധ്യസ്ഥതാ ശ്രമത്തിന് കോടതി ശ്രമിച്ചെങ്കിലും ഇത് പരാജയപെട്ടതോടെയാണ് കോടതി ഹർജിയില്‍ പിന്നീട് വാദം കേട്ടത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഗോപാലകൃഷ്ണൻ സുപ്രീം കോടതിയെ സമീപിച്ചത്.
