പയ്യന്നൂരില്‍ പൊലീസ് വാഹനത്തിന് നേരെ ബോംബെറിഞ്ഞ കേസില്‍ എല്‍.ഡി.എഫ് സ്ഥാനാർത്ഥി ഉള്‍പ്പെടെ രണ്ടുപേർക്ക് 20 വർഷം തടവും പിഴയും വിധിച്ചു.അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് വിധി പുറപ്പെടുവിച്ചത്. പയ്യന്നൂർ നഗരസഭ 46ാം വാർഡ് മൊട്ടമ്മലിലെ എല്‍.ഡി.എഫ് സ്ഥാനാർത്ഥിയും നിലവിലെ കൗണ്‍സിലറും ഡിവൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുമായ കാറമേലിലെ വി.കെ. നിഷാദ് (35), ഡിവൈ.എഫ്.ഐ നേതാവും സഹകരണ ബാങ്ക് ജീവനക്കാരനുമായ വെള്ളൂരിലെ ടി.സി വി.നന്ദകുമാർ (35)എന്നിവരാണ് പ്രതികള്‍.കേസിലെ മറ്റ് രണ്ട് പ്രതികളായ എ. മിഥുനെയും കെ.വി. കൃപേഷിനെയും കോടതി വെറുതെവിട്ടിരുന്നു. 2012 ആഗസ്റ്റ് 1നാണ് കേസിനാസ്പദമായ സംഭവം. അരിയില്‍ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്ത പൊലീസിന് നേരെ നടന്ന പ്രതിഷേധത്തിനിടെയാണ് പയ്യന്നൂർ ടൗണില്‍ ആക്രമണമുണ്ടായത്.പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെ നിഷാദ് ഉള്‍പ്പെടെ നാലുപേർ ബൈക്കിലെത്തി. പൊലീസ് പിന്തുടർന്നപ്പോള് അന്നത്തെ പയ്യന്നൂർ എസ്.ഐ കെ.പി. രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. അന്ന് എസ്.എഫ്.ഐ നേതാവായിരുന്ന നിഷാദാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ബോംബ് പൊട്ടാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. വധശ്രമം,സ്ഫോടകവസ്തു കൈവശം വയ്ക്കല്‍, ഉപയോഗം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
പൊലീസിനെ ബോംബെറിഞ്ഞ കേസ്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് 20 വര്‍ഷം തടവ്
