പശുക്കശാപ്പ് നിയമഭേദഗതി മരവിപ്പിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

ബിജെപി നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പശുക്കശാപ്പ് നിരോധന നിയമം ഭേദഗതി ചെയ്യാനുള്ള ബില്ല് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മരവിപ്പിച്ചു.കശാപ്പ് ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ കന്നുകാലികളെ കടത്തുന്ന വാഹനങ്ങള്‍ വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുകയുടെ ബോണ്ടിലോ ബാങ്ക് ഗ്യാരണ്ടിയിലോ വിട്ടുനല്‍കാമെന്ന വ്യവസ്ഥയുള്ള ബില്ലാണ് മരവിപ്പിച്ചത്. മന്ത്രിസഭ അംഗീകരിച്ച ബില്ല് ഇത്തവണത്തെ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, ഈ സമയത്ത് വിവാദങ്ങളൊന്നും വേണ്ടെന്ന തോന്നലിലാണ് ബില്ല് മരവിപ്പിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പ്രതിപക്ഷം വര്‍ഗീയ ലക്ഷ്യത്തോടെ പ്രചാരണം നടത്തുമെന്നാണ് സര്‍ക്കാരിന്റെ ആശങ്ക. ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയപ്പോള്‍ തന്നെ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.2020ലാണ് ബിജെപി സര്‍ക്കാര്‍ പശുക്കശാപ്പ് തടയല്‍ നിയമം കൊണ്ടുവന്നത്. പശു, പശുക്കുട്ടി, കാള എന്നിവയെ അറക്കുന്നത് നിയമം നിരോധിക്കുന്നു. കൂടാതെ 13 വര്‍ഷത്തിന് താഴെ പ്രായമുള്ള എരുമകളെ അറക്കുന്നത് തടയാനും നിയമം ശുപാര്‍ശ ചെയ്യുന്നു. നിയമം ലംഘിക്കുന്നത് മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *