വിയ്യൂര്‍ ജയിലിലെ മര്‍ദനം: മനോജിനെ നാളെ നേരിട്ട് ഹാജരാക്കാൻ ഉത്തരവിട്ട് NIA കോടതി; ശരീരത്തിലെ പരിക്ക് വീഡിയോ കോളിലൂടെ കാണിച്ച്‌ തടവുകാരൻ

വിയ്യൂർ അതിസുരക്ഷാ ജയിലില്‍ തടവുകാരെ ഉദ്യോഗസ്ഥർ മർദിച്ചെന്ന സംഭവത്തില്‍ എൻ.ഐ.എ. കോടതിയുടെ ശക്തമായ ഇടപെടല്‍.മർദനമേറ്റ പി.എം. മനോജിനെ നാളെ നേരിട്ട് കോടതിയില്‍ ഹാജരാക്കണമെന്ന് എൻ.ഐ.എ. കോടതി നിർദേശിച്ചു. മറ്റൊരു പ്രതിയായ അസറുദ്ദീന് വിദഗ്ധ ചികിത്സ നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.മനോജിനെ വീഡിയോ കോണ്‍ഫറൻസിങ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്. കോടതിക്ക് മുൻപില്‍ തൻ്റെ ശരീരത്തിലെ പരിക്കുകള്‍ മനോജ് നേരിട്ട് കാണിച്ചു കൊടുത്തു. ഇതേ തുടർന്നാണ് പ്രതിയെ നേരിട്ട് ഹാജരാക്കാൻ കോടതി നിർദേശം നല്‍കിയത്. സംഭവത്തില്‍ കോടതി നല്‍കിയ നിർദേശങ്ങള്‍ ഉദ്യോഗസ്ഥർ പാലിക്കാത്തതും വിമർശനത്തിന് കാരണമായി.മനോജിന്റെ മെഡിക്കല്‍ റിപ്പോർട്ട് ഹാജരാക്കണമെന്ന നിർദേശം ഉദ്യോഗസ്ഥർ പാലിച്ചില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ജയിലിലേക്ക് മാറ്റിയെന്ന റിപ്പോർട്ട് മാത്രമാണ് കോടതിയില്‍ സമർപ്പിച്ചത്. ലീഗല്‍ സർവീസ് അതോറിറ്റി ജയിലിലെത്തി മനോജിനെ കണ്ട് റിപ്പോർട്ട് നല്‍കണമെന്ന ഉത്തരവും നടപ്പാക്കിയില്ല. മനോജിനെ ആശുപത്രിയില്‍ നിന്ന് മാറ്റിയതിനാല്‍ കാണാൻ കഴിഞ്ഞില്ലെന്നായിരുന്നു അധികൃതരുടെ വാദം.അതേസമയം, തടവുകാരെ മർദിച്ച ഉദ്യോഗസ്ഥരെ വെള്ളപൂശുന്ന റിപ്പോർട്ടാണ് വിയ്യൂർ ജയില്‍ സൂപ്രണ്ട് കോടതിയില്‍ സമർപ്പിച്ചത്. ജയില്‍ ഉദ്യോഗസ്ഥരെ പ്രതികളാണ് മർദിച്ചതെന്നാണ് സൂപ്രണ്ടിന്റെ റിപ്പോർട്ടില്‍ പറയുന്നത്. സെല്ലില്‍ തിരികെ കയറാൻ പ്രതികള്‍ വിസമ്മതിച്ചപ്പോള്‍ ഉദ്യോഗസ്ഥർ ചെറുതായി ബലപ്രയോഗം നടത്തി. ഇതോടെ ജയില്‍ വാർഡൻ അഭിനവിനെ പ്രതി ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച മറ്റൊരു തടവുകാരനെയും പ്രതികള്‍ മർദിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്.ഈ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വിയ്യൂർ പോലീസ് കേസെടുത്തിട്ടുണ്ടെന്നും സൂപ്രണ്ട് റിപ്പോർട്ടില്‍ പറയുന്നു. പ്രതികളെ സെല്ലില്‍ നിന്നും ഗാർഡ് റൂമില്‍ കൊണ്ടുപോയത് സമീപത്തെ സെല്ലില്‍ സുരക്ഷിതമായി പാർപ്പിക്കാനാണെന്നും റിപ്പോർട്ട് വാദിക്കുന്നു. കഴിഞ്ഞ 13-നാണ് ജയില്‍ അന്തേവാസികള്‍ക്ക് മർദനമേറ്റത്. സെല്ലില്‍ കയറുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തില്‍ കലാശിച്ചത്.ജയില്‍ വാർഡനായ അഭിനവ്, ജോയിന്റ് സൂപ്രണ്ട് ശ്രീജിത്ത്, ഡെപ്യൂട്ടി സൂപ്രണ്ട് കിരണ്‍ എന്നിവരുടെ നേതൃത്വത്തില്‍ 15-ല്‍ അധികം ഉദ്യോഗസ്ഥർ സംഘം ചേർന്ന് ഗാർഡ് റൂമില്‍ വെച്ച്‌ മർദിച്ചെന്നാണ് പ്രതികളുടെ പരാതി. സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *