സേ പരീക്ഷയ്ക്ക് പഠിക്കാൻ എത്തിയ പെണ്‍കുട്ടിയോട് ക്രൂരത; പോക്സോ കേസ് പ്രതിക്ക് ശിക്ഷ

ട്യൂഷൻ സെന്‍ററില്‍ വച്ച്‌ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ.കള്ളിക്കാട് മൈലക്കര സ്വദേശി രാജേന്ദ്രനെയാണ് (58) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്‌ക്ക് നല്‍കണം. പിഴത്തുക ഒടുക്കിയില്ലെങ്കില്‍ ഏഴ് മാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്. പിഴത്തുക അപര്യാ‌പ്‌തമായതിനാല്‍ മതിയായ നഷ്ടപരിഹാരം നല്‍കാൻ ജില്ലാ ലീഗല്‍ സർവീസ് അതോറിട്ടിക്ക് കോടതി നിർദ്ദേശം നല്‍കി.കെ.എസ്.ആർ.ടി.സിയില്‍ നിന്നും വിരമിച്ച പ്രതി കള്ളിക്കാട് സ്വകാര്യ ട്യൂഷൻ സെന്‍റർ നടത്തുകയായിരുന്നു. 2024ല്‍ പ്ലസ് ടു സേ പരീക്ഷ പരിശീലനത്തിനെത്തിയ കുട്ടിയെ പ്രതി പലതവണ പീഡിപ്പിക്കുകയായിരുന്നു. കുട്ടി വിവരം മാതാവിനോട് പറഞ്ഞതിനെ തുടർന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതി മറ്റു കുട്ടികളെയും ഉപദ്രവിച്ചതായി കുട്ടി കോടതിയില്‍ മൊഴി നല്‍കി. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ.പ്രമോദ് ഹാജരായി. നെയ്യാർ ഡാം എസ്.എച്ച്‌.ഒ രജീഷ് കുമാർ, എസ്.ഐ സജി.ജി.എസ് എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *