നടിയുടെ പരാതിയില്‍ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസില്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സംവിധായകൻ ചിദംബരത്തിന് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.എറണാകുളം ടൗണ്‍ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത ക്രിമിനല്‍ കേസില്‍ ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് ജാമ്യം നല്‍കിയത്.2022 മേയ് മാസത്തില്‍ ഫ്ലാറ്റില്‍ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചാണ് നടി പരാതി നല്‍കിയിരുന്നത്. ഐപിസി സെക്ഷൻ 354, 354A(1)(i), 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാല്‍, മുൻകൂർ ജാമ്യാപേക്ഷയില്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ചിദംബരം നിഷേധിച്ചു.സിനിമയുടെ നിർമ്മാണവേളയിലുണ്ടായ തികച്ചും പ്രൊഫഷണലായ ഇടപെടലുകള്‍ മാത്രമാണ് നടിയുമായി ഉണ്ടായിരുന്നതെന്നും നാല് വർഷത്തോളം വൈകി നല്‍കിയ പരാതി തന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കേസ് റിപ്പോർട്ട് ചെയ്യുന്നതിലുണ്ടായ കാലതാമസം, പരാതിക്കാരി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്, ചിദംബരത്തിനെതിരായ അപകീർത്തികരമായ വാർത്തകള്‍ തടഞ്ഞുകൊണ്ടുള്ള ബോംബെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് എന്നിവ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ചിദംബരത്തിന് വേണ്ടി അഡ്വ. ചിത്ര രേന്തല കോടതിയില്‍ ഹാജരായി.
ലൈംഗികാതിക്രമ പരാതി; സംവിധായകൻ ചിദംബരത്തിന് മുൻകൂര്‍ ജാമ്യം അനുവദിച്ചു
