കന്നുകാലികളെ കശാപ്പിനായി കടത്തുകയാണെന്ന സംശയത്തില്‍ വാഹനം പിടിച്ചെടുത്ത സംഭവത്തില്‍ ഉടമയ്ക്ക് 15 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി.തേജ് പ്രകാശ് നല്‍കിയ ഹർജിയിലാണ് നവംബര്‍ മൂന്നിന് കോടതി വിധി പുറപ്പെടുവിച്ചത്. തെളിവുകളില്ലാതെ വാഹനം പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും ചെയ്തത് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് സന്ദീപ് ജെയിന്‍ നിരീക്ഷിച്ചു.വാഹനം പിടിച്ചെടുത്ത 2023 സെപ്റ്റംബര്‍ 18 മുതല്‍ യഥാര്‍ഥത്തില്‍ വിട്ടുനല്‍കുന്നതുവരെയുള്ള ഓരോ മാസത്തിനും 40,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവ്. മാനസിക പീഡനം, സാമ്പത്തിക ബുദ്ധിമുട്ട്, അനാവശ്യമായ ഉപദ്രവം എന്നിവയ്ക്ക് അധികമായി 25,000 രൂപയും നല്‍കണം. വാഹനം വായ്പയെടുത്ത് വാങ്ങിയതാണെന്നും ദീര്‍ഘകാലം വാഹനം ഉപയോഗിക്കാനാകാത്തത് ഉടമയുടെ ഏക വരുമാനമാര്‍ഗം നഷ്ടപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു.2023 സെപ്റ്റംബര്‍ 18നാണ് മിര്‍സാപുര്‍ പോലിസ് രണ്ട് കാളകളെ കൊണ്ടുപോകുകയായിരുന്ന തേജ് പ്രകാശിന്റെ ഡിസിഎം ഐഷര്‍ വാഹനം പിടിച്ചെടുത്തത്. 1955ലെ ഉത്തര്‍പ്രദേശ് ഗോവധ നിരോധന നിയമം ലംഘിച്ച് പശുക്കളെ കശാപ്പിനായി പശ്ചിമ ബംഗാളിലേക്ക് കടത്തുകയായിരുന്നുവെന്നായിരുന്നു അധികൃതരുടെ ആരോപണം.എന്നാല്‍, കന്നുകാലികളെ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോകുകയായിരുന്നെന്നതിന് തെളിവുകളൊന്നും അധികൃതര്‍ ഹാജരാക്കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മിര്‍സാപുര്‍ ബിഹാറിനോട് ചേര്‍ന്നുകിടക്കുന്ന ജില്ലയായതിനാല്‍ കന്നുകാലികളെ മറ്റൊരു സംസ്ഥാനത്തേക്ക് കടത്തുകയായിരുന്നുവെന്ന് അനുമാനിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അതിര്‍ത്തി പ്രദേശത്തുനിന്ന് വാഹനം പിടിച്ചെടുത്തു എന്നതുകൊണ്ടുമാത്രം നിയമവിരുദ്ധ കടത്ത് തെളിയിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.കന്നുകാലികളോട് ക്രൂരത കാട്ടിയെന്ന ആരോപണവും കോടതി തള്ളി. രണ്ട് കാളകളെയും വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ചതിന് തെളിവില്ല. വാഹനത്തില്‍ നിന്ന് ബീഫോ കശാപ്പ് ചെയ്തതിന്റെ അവശിഷ്ടങ്ങളോ കണ്ടെത്തിയിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ഉത്തര്‍പ്രദേശിനുള്ളില്‍ തന്നെ പശുവിനെ കൊണ്ടുപോകുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുമ്പോഴാണ് അനുമതി ആവശ്യമായി വരുന്നത്. എന്നാല്‍ കന്നുകാലികളെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നതിന് തെളിവില്ലായിരുന്നു.വാഹനം കണ്ടുകെട്ടിയ നടപടി റദ്ദാക്കിയ കോടതി അത് ഉടമയ്ക്ക് വിട്ടുനല്‍കാനും നിര്‍ദേശിച്ചു. നിയമവിരുദ്ധ നടപടിക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നഷ്ടപരിഹാരത്തുക അവരില്‍ നിന്ന് ഈടാക്കാനും സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. അഭിഭാഷകരായ ആശിഷ് ജയ്സ്വാളും സുശീല്‍ കുമാര്‍ മിശ്രയുമാണ് ഹരജിക്കാരനുവേണ്ടി ഹാജരായത്.
കന്നുകാലി കടത്തെന്ന സംശയത്തില്‍ വാഹനം പിടിച്ചെടുത്തു; 15 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ അലഹബാദ് ഹൈക്കോടതി
