സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ അപവാദപ്രചരണത്തില്‍, ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ പൊലീസിനോട് റിപ്പോർട്ട് തേടി കോടതി.എറണാകുളം സെഷൻസ് കോടതിയാണ് റിപ്പോർട്ട് തേടിയത്. അതേസമയം കെ ജെ ഷൈൻ നല്‍കിയ പരാതിയില്‍ കൂടുതല്‍ ആളുകളെ ചോദ്യം ചെയ്തതിന് പിന്നാലെ ഫോണുകള്‍ പിടിച്ചെടുത്ത് അന്വേഷണസംഘം.കെഎം ഷാജഹാന്റെ വീഡിയോ പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് സി കെ ഗോപാലകൃഷ്ണൻ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. എറണാകുളം സെഷൻസ് കോടതിയില്‍ സമർപ്പിച്ച ജാമ്യ അപേക്ഷയിലാണ് കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയത്. ഗോപാലകൃഷ്ണന്റെ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കും. കോടതി നടപടികള്‍ നിരീക്ഷിച്ചശേഷം അന്വേഷണത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അതേസമയം താൻ നല്‍കിയ പരാതിയില്‍ അന്വേഷണം ഊർജിതമായി നടക്കുന്നുവെന്ന് വൈപ്പിൻ എംഎല്‍എ കെൻ ഉണ്ണി കൃഷ്ണൻ പ്രതികരിച്ചു.അന്വേഷണവുമായി സഹകരിക്കുന്നില്ല എങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും. കേസില്‍ കൂടുതല്‍ പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇവരില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്ത്, രേഖകള്‍ പരിശോധിച്ചു കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ പേരെ പ്രതി ചേർക്കും.
കെ.ജെ.ഷൈനിനെതിരായ അപവാദപ്രചരണം; ഗോപാലകൃഷ്ണന്റെ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി
