‘പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോദ്ധ്യപ്പെടുത്തണം’; നിര്‍ദ്ദേശവുമായി ഹൈക്കോടതി

പമ്പയിൽ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോദ്ധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി. തീർത്ഥാടകർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ കാരണം പമ്ബ മലിനമാകുന്ന സാഹചര്യത്തെ തുടർന്നാണ് ഹൈക്കോടതി കർശന നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.ദേവസ്വം ബോർഡിന് ജസ്റ്റിസുമാരായ എ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ബഞ്ചാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.’ലോഡ് കണക്കിന് തുണികളാണ് പമ്ബയില്‍ നിന്നു ദിവസവും ശേഖരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീർത്ഥാടകരാണ് പമ്ബയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത്. അവർ ഇതൊരു ആചാരമായിട്ടാണ് കാണുന്നത്. എന്നാല്‍ ഇങ്ങനെ ഒരാചാരമില്ലെന്ന് വ്യാപകമായി ബോധവല്‍ക്കരണം നടത്തണം. ബോധവല്‍ക്കരണ ദൃശ്യങ്ങള്‍ പമ്ബാ തീരത്ത് പ്രദർശിപ്പിക്കണം. ഇതിനുപുറമെ പമ്ബ മലിനമാക്കരുതെന്നും നദിയില്‍ തുണി ഉപേക്ഷിക്കരുതെന്നുമുള്ള ശബ്ദ സന്ദേശങ്ങള്‍ കെഎസ്‌ആർടിസി ബസുകളിലൂടെ പ്രചരിപ്പിക്കണം’- കോടതി വ്യക്തമാക്കി.ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ നദിയില്‍ അടിഞ്ഞു കൂടുകയാണെന്ന റിപ്പോർട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇത് വെള്ളം മലിനമാക്കുന്നു. നദിയില്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ ശേഖരിക്കാനുള്ള അവകാശം ദേവസ്വം ബോർഡ് വലിയ തുകയ്ക്ക് ലേലത്തില്‍ കൊടുത്തിട്ടുണ്ടെങ്കിലും നദിയുടെ അടിത്തട്ടില്‍ അടിയുന്ന തുണി ഇവർ ശേഖരിക്കുന്നില്ലെന്നാണ് വിവരം. വെള്ളത്തിനുമുകളിലൂടെ ഒഴുകി വരുന്ന തുണികള്‍ മാത്രമാണ് ശേഖരിക്കുന്നത്. സംഭരിക്കുന്ന തുണികള്‍ സ്നാനഘട്ടത്തിലെ പടിക്കെട്ടില്‍ കൂട്ടിയിട്ടിരിക്കുന്നതുമൂലം ചെളിയും തുണിയുമടിഞ്ഞ് പടിക്കെട്ടുകള്‍ വൃത്തിഹീനമാവുകയും ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *