കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്കുളള നഷ്ട പരിഹാരം വൈകിയാല്‍ ട്രഷറിയില്‍ നിന്ന് നല്‍കണമെന്ന് ഹൈക്കോടതി; നല്‍കാനുള്ളത് 57 കോടി രൂപ

ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇരകള്‍ക്ക് നല്‍കേണ്ട നഷ്ട പരിഹാരം വൈകിക്കൂടെന്നും വിതരണം നടക്കാത്ത പക്ഷം ട്രഷറി അക്കൗണ്ടില്‍ നിന്ന് തുക നല്‍കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.വിക്ടിം കോംപൻസേഷൻ സ്കീം പ്രകാരമുള്ള തുകകള്‍ സമയബന്ധിതമായി നല്‍കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ധനകാര്യ സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കുകയും തുക വിതരണം സംബന്ധിച്ച്‌ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്യണമെന്ന് കോടതി നിർദേശിച്ചു. കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കും.മീഡിയേഷൻ സെന്ററുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വമേധയാ എടുത്ത ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെനും ജസ്റ്റിസ് വിഎം ശ്യാംകുമാറും ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് ഈ നിർദേശം നല്‍കിയത്. വിക്ടിം കോംപൻസേഷൻ സ്കീം പ്രകാരം 2022 മുതല്‍ 47 കോടി രൂപയും മീഡിയേറ്റർമാരുടെ പ്രതിഫലമായി 10 കോടിയിലധികം രൂപയും നല്‍കാനുള്ളതായി കോടതിയില്‍ വ്യക്തമാക്കി.മുൻപ് ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും ഓണ്‍ലൈനായി ഹാജരായതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. തുക വിതരണം വൈകുന്നതിനെ കുറിച്ച്‌ സർക്കാർ മുന്നോട്ട് വച്ച കാരണങ്ങള്‍ കോടതി അംഗീകരിച്ചില്ല. സംഭാവനകളോ പിഴ തുകയോ ലഭിക്കാത്ത സാഹചര്യം ഉണ്ടായാലും ഇരകള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതില്‍ വീഴ്ച വരുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇതില്‍ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും ചൂണ്ടിക്കാണിച്ചു.ഇതിനിടെ, വിഷയത്തില്‍ ധനകാര്യ വകുപ്പാണ് തീരുമാനമെടുക്കേണ്ടതെന്നും ആഭ്യന്തര വകുപ്പ് തുക വിതരണം നടത്തുന്നതിന് മാത്രമാണ് ഉത്തരവാദിയെന്നും ആഭ്യന്തര സെക്രട്ടറി അറിയിച്ചു. ഇത് പരിഗണിച്ച്‌ ആഭ്യന്തര സെക്രട്ടറിയുടെ തുടർന്നുളള ഹാജർ ഒഴിവാക്കിയ കോടതി, ധനകാര്യ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് വീണ്ടും നിർദേശിച്ചു. ലീഗല്‍ സർവീസസ് അതോറിറ്റി യോഗത്തില്‍ ധനകാര്യ സെക്രട്ടറി പങ്കെടുക്കാതിരുന്നതും കോടതി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *