നാല് പാര്‍ട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയതിന് സ്റ്റേ

ആറു വർഷമായി പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലെന്ന പേരില്‍ ജെ.എസ്.എസ് അടക്കം നാല് രാഷ്ട്രീയ പാർട്ടികളെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ രജിസ്ട്രേഷൻ ലിസ്റ്റില്‍ നിന്ന് നീക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു.തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ പാർട്ടികളുടെ സ്ഥാനാർത്ഥികള്‍ക്ക് മത്സരിക്കാമെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ വ്യക്തമാക്കി. ഈ പാർട്ടികളുടെ ചിഹ്നം മറ്റാർക്കെങ്കിലും അനുവദിച്ചിട്ടില്ലെങ്കില്‍ അതില്‍ മത്സരിക്കാം.ജെ.എസ്.എസ് (അഡ്വ. എ.എൻ. രാജൻ ബാബു), ജെ.എസ്‌എസ് (ഡോ. ബീനാകുമാരി), കേരള കോണ്‍ഗ്രസ് (സ്കറിയ തോമസ് ), എസ്.ആർ.പി എന്നീ പാർട്ടികള്‍ക്കാണ് അനുമതി.2019 മുതല്‍ തുടർച്ചയായി പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചില്ലെന്ന പേരിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിച്ചത്. എന്നാല്‍, കമ്മിഷൻ അധികാര പരിധി മറികടന്നെന്നും ഹർജിക്കാരെ കേള്‍ക്കാതെയാണ് തിരുമാനമെന്നുമുള്ള വാദം കണക്കിലെടുത്താണ് സ്റ്റേ അനുവദിച്ചത്. വിഷയം ജനുവരി അഞ്ചിന് വീണ്ടും പരിഗണിക്കും. ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി രാജൻ ബാബുവിന് വേണ്ടി അഡ്വ. ജാജു ബാബു ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *