ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക വീഴ്ചാ ആരോപണങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ കുറ്റപ്പെടുത്തി ഹൈക്കോടതി.ബോര്‍ഡിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞുകൊണ്ടുള്ള ഓഡിറ്ററുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.ബോര്‍ഡിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകളില്‍ പൊരുത്തക്കേടുണ്ട് എന്ന് ഓഡിറ്റര്‍ കോടതിയില്‍ വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടും രേഖകളും കൃത്യമായി ഒത്തുനോക്കാനാവുന്നില്ല. തിരിച്ചറിയപ്പെടാത്ത നിരവധി അക്കൗണ്ടുകളുണ്ട്. അക്കൗണ്ട് തയ്യാറാക്കുന്നതില്‍ മൂന്ന് വര്‍ഷത്തെ കാലതാമസമുണ്ടാകുന്നു. ഇടപാടുകളിലെ കൃത്യത പരിശോധിക്കുന്നതിന് ഈ കാലതാമസം തടസമാകുന്നു എന്നും ഓഡിറ്റര്‍ പറഞ്ഞു.വീഴ്ച വരുത്തുന്ന ജീവനക്കാരെ കണ്ടെത്താനാകുന്നില്ലെന്നും ഓഡിറ്റര്‍ ചൂണ്ടിക്കാണിച്ചു. സാമ്പത്തിക സ്ഥിതിയുടെ യഥാര്‍ത്ഥ ചിത്രം നല്‍കുന്നില്ല. കരാറുകാര്‍ക്ക് നല്‍കാനുള്ള പണം, നികുതി ബാധ്യത, സ്റ്റോക്ക് എന്നിവയില്‍ കൃത്യതയില്ലെന്നും ഓഡിറ്റര്‍ വ്യക്തമാക്കി.ദേവസ്വം ബോര്‍ഡിന്റെ വീഴ്ച ഒറ്റപ്പെട്ടതല്ലെന്നാണ് പിന്നാലെ ഹൈക്കോടതി നിരീക്ഷിച്ചത്. ബോര്‍ഡിന്റെ അക്കൗണ്ടിംഗ് ഭരണ സംവിധാനങ്ങളില്‍ വീഴ്ച ആഴത്തില്‍ വേരോടി. ബോര്‍ഡ് സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യതയില്ല. വീഴ്ചകള്‍ ദേവസ്വം ബോര്‍ഡിനെ ഗുരുതരമായി ബാധിക്കുന്നു. നിയമം പാലിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കഴിയുന്നില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഭരണ നിര്‍വഹണത്തിനും അക്കൗണ്ടിംഗിനും കേന്ദ്രീകൃത കമ്പ്യൂട്ടറൈസ്ഡ് സംവിധാനം വേണം. വിവരങ്ങള്‍ ക്രമീകരിക്കാനും തെറ്റ് തിരുത്താനും ഡാറ്റാ മൈഗ്രൈഷന്‍ പ്ലാനുണ്ടാകണം. ഈ സംവിധാനത്തിന് അനുയോജ്യമായ അക്കൗണ്ടിംഗ് സോഫ്റ്റ് വെയര്‍ തയ്യാറാക്കണം. സംവിധാനം എല്ലാ ക്ഷേത്രങ്ങളിലേക്കും ഘട്ടം ഘട്ടമായി വ്യാപിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ക്ഷേത്ര ജീവനക്കാര്‍ക്ക് പുതിയ സംവിധാനം ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കണം. വിവരങ്ങളുടെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കണം. സോഫ്റ്റ് വെയറില്‍ ഓഡിറ്റ് സംവിധാനവും ഉള്‍പ്പെടുത്തണം. പഴയ വിവരങ്ങള്‍ ബാക്ക് അപ്പ് ആയി സൂക്ഷിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കിറ്റ്ഫ്രയുടെ സഹായം തേടണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
‘തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണസംവിധാനങ്ങളില്‍ വീഴ്ച ആഴത്തില്‍ വേരോടി’; കുറ്റപ്പെടുത്തി ഹൈക്കോടതി
