കൊച്ചി: അച്ചടക്കനടപടിയുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റിന് സെക്രട്ടറിയോ, ഗസ്റ്റഡ് ഓഫീസറോ അല്ലാത്ത പഞ്ചായത്ത് ജീവനക്കാരെ സസ്‌പെൻഡുചെയ്യാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി. അച്ചടക്കനടപടിയുടെ ഭാഗമായി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സസ്‌പെൻഡുചെയ്തത് ശരിവെച്ച ഉത്തരവിലാണ് ജസ്റ്റിസ് എൻ. നഗരേഷ് ഇക്കാര്യം വ്യക്തമാക്കിയത്. സസ്‌പെൻഷൻ മരവിപ്പിച്ച സർക്കാർ ഉത്തരവ് റദ്ദാക്കുകയുംചെയ്തു. സർക്കാർ ഉത്തരവിനെതിരേ കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് നൽകിയ ഹർജി അനുവദിച്ചാണ് ഉത്തരവ്. കിഴക്കമ്പലം ബസ്സ്റ്റാൻഡ് നവീകരണവുമായി ബന്ധപ്പെട്ട് പഞ്ചായത്തും തൊഴിലാളിയൂണിയനും തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിനിടയിൽ, കഴിഞ്ഞ ഓഗസ്റ്റ് 26-നുചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറി അനുമതിയില്ലാതെ പങ്കെടുത്തു. പുറത്തുപോകണമെന്ന് പറഞ്ഞിട്ടും തയ്യാറായില്ല. പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങൾ രേഖപ്പെടുത്താനും സെക്രട്ടറിയും അസി. സെക്രട്ടറിയും തയ്യാറായില്ല. ഇത് ചോദ്യംചെയ്തതോടെ അസി. െസക്രട്ടറി പുറത്തുനിന്ന് ആളുകളെ വിളിച്ച് യോഗം തടസ്സപ്പെടുത്തി. തുടർന്നായിരുന്നു അസി. സെക്രട്ടറിയെ സസ്‌പെൻഡുചെയ്തത്. ഇത് പഞ്ചായത്ത് കമ്മിറ്റി ശരിവെച്ചു.ഇതിനെതിരേ അസി. സെക്രട്ടറി സർക്കാരിനുനൽകിയ പരാതിയിൽ സസ്‌പെൻഷൻ മരവിപ്പിച്ച് വിഷയം തദ്ദേശ ഓംബുംഡ്സ്മാന് വിട്ടു. തിരഞ്ഞെടുപ്പുജോലിയടക്കമുള്ളത് കണക്കിലെടുത്താണ് സസ്‌പെൻഷൻ മരവിപ്പിച്ചതെന്നായിരുന്നു സർക്കാർ വാദം. എന്നാൽ, തദ്ദേശ ഓംബുഡ്സ്മാന്റെയോ ട്രിബ്യൂണലിന്റെയോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽമാത്രമേ സർക്കാരിന് പഞ്ചായത്ത് തീരുമാനത്തിൽ ഇടപെടാനാകൂ എന്ന് കോടതി വിലയിരുത്തി. സ്വേച്ഛാപരമായ നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതി പറഞ്ഞു.
നോൺ-ഗസറ്റഡ് ഉദ്യോഗസ്ഥരെ പഞ്ചായത്ത് പ്രസിഡന്റിന് സസ്‌പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി
