അലഹബാദ് ; സ്വകാര്യ ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടി നിസ്ക്കരിക്കുന്നത് വിലക്കി അലഹബാദ് ഹൈക്കോടതി . വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യ സ്വത്തവകാശത്തിന്റെയും മറവിൽ പൊതുക്രമവും സമാധാനവും അപകടത്തിലാക്കാൻ കഴിയില്ലെന്ന് കോടതി വിധിച്ചു. കൂടാതെ, ഭാവിയിൽ ഇത്തരം നിസ്ക്കാരം നടത്താൻ സ്വകാര്യ ഇടങ്ങളിൽ ജനക്കൂട്ടം ഒത്തുകൂടുന്നത് തുടർന്നാൽ സർക്കാർ നിയമനടപടി സ്വീകരിക്കണമെന്നും കോടതി നിർദേശം നൽകി.മുഹമ്മദ് ഗഞ്ച് ഗ്രാമത്തിലെ സ്വകാര്യ ഭൂമിയിൽ നിസ്ക്കാരം 65 ഓളം ആളുകൾ ഒത്തുകൂടിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതിയുടെ നിർദേശം . വാദം കേൾക്കലിനിടെ, ബറേലിയിലെ ജില്ലാ മജിസ്‌ട്രേറ്റിനും സീനിയർ പോലീസ് സൂപ്രണ്ടിനുമെതിരെ ആരംഭിച്ച കോടതിയലക്ഷ്യ നടപടികളും കോടതി അവസാനിപ്പിച്ചു.2026 ജനുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിൽ, ഉത്തർപ്രദേശിലെവിടെയും സ്വകാര്യ സ്വത്തിൽ മതപരമായ പ്രാർത്ഥനാ കൂട്ടായ്‌മകൾ നടത്താൻ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു . ഈ ഉത്തരവ് ഉദ്ധരിച്ച്, മുഹമ്മദ് ഗഞ്ച് ഗ്രാമവാസിയായ താരിഖ് ഖാൻ, ഉദ്യോഗസ്ഥർ നിർദ്ദേശം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും തന്റെ വീട്ടിൽ നിസ്ക്കാരം അനുവദിക്കുന്നില്ലെന്നും തന്നെ തടഞ്ഞുവെന്നും ആരോപിച്ച് കോടതിയെ സമീപിച്ചു. ഭരണകൂടത്തിനെതിരെ നടപടിയെടുക്കണമെന്ന് താരിഖ് ആവശ്യപ്പെട്ടു.എന്നാൽ താരിഖിന്റെ വസതിയിൽ നിസ്ക്കാരം നടത്താൻ കുടുംബാംഗങ്ങൾ മാത്രമായിരുന്നില്ല ഉള്ളത് . മറ്റ് അറുപതോളം വിശ്വാസികളെയും കൂട്ടി വീട് മസ്ജിദാക്കി മാറ്റുകയായിരുന്നു താരിഖ് . കോടതി ഉത്തരവ് താരിഖ് ഖാൻ ചൂഷണം ചെയ്യുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇത്രയും വലിയ ഒരു കൂട്ടം ആളുകൾ ഒത്തുകൂടുന്നത് പ്രദേശത്തെ സമാധാനവും ക്രമസമാധാനവും തകർക്കുമെന്ന് സർക്കാർ വാദിച്ചു.തുടർന്ന്, ഇനി മുതൽ തന്റെ വീട്ടിൽ നിസ്ക്കാരം ചെയ്യുന്നതിനായി വലിയ ജനക്കൂട്ടത്തെ ഒരുമിച്ചുകൂട്ടില്ലെന്ന് വ്യക്തമാക്കി താരിഖ് ഖാൻ കോടതിയിൽ മാപ്പ് എഴുതി നൽകി. താരിഖിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതി വിഷയം തീർപ്പാക്കി. കൂടാതെ, ഈ ഉറപ്പ് ലംഘിക്കപ്പെട്ടാൽ ഉചിതമായ നടപടിയെടുക്കാൻ സർക്കാരിനെ അധികാരപ്പെടുത്തി.
സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി
