തിരൂരങ്ങാടി ∙ രണ്ടാം വിവാഹം റജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയെ കേൾക്കണമെന്ന് പഞ്ചായത്തിന് ഹൈക്കോടതി നിർദേശം. ആദ്യഭാര്യ നിലനിൽക്കെ രണ്ടാം വിവാഹം ചെയ്ത മുസ്‍ലിം യുവാവിന്റെ രണ്ടാം വിവാഹം റജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ പരാതി കേൾക്കണമെന്നും തർക്കങ്ങൾ ഉണ്ടെങ്കിൽ സിവിൽ കോടതിയുടെ തീരുമാനത്തിന് വിടണമെന്നും പൊൻമുണ്ടം പഞ്ചായത്ത് സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി.സംസ്ഥാനത്ത് ആദ്യമായാണ് രണ്ടാം വിവാഹം റജിസ്റ്റർ ചെയ്യാൻ ആദ്യ ഭാര്യയുടെ പരാതി കേൾക്കണമെന്ന് ഒരു ഗ്രാമ പഞ്ചായത്തിന് ഹൈക്കോടതിയുടെ നിർദേശം ഉണ്ടാകുന്നത്. 2025 ഒക്ടോബറിൽ മുസ്‍ലിം സമുദായത്തിലെ രണ്ടാം വിവാഹം റജിസ്റ്റർ ചെയ്യ്തത് ചോദ്യം ചെയ്യാൻ ആദ്യ ഭാര്യക്ക് അവകാശമുണ്ടെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിൽ കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശിനി നൽകിയ ഹർജിയിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ വിധി.കൊടിഞ്ഞി സ്വദേശിനിയുടെ ആദ്യ ഭർത്താവ് തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി താണിയേപ്പിൽ തൗഫീഖ് അസ്‍ലം ആദ്യഭാര്യയുമായുള്ള കേസുകൾ നിലനിൽക്കെ ഈ മാസം 5 ന് പൊൻമുണ്ടം സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തിരുന്നു. തുടർന്ന് ഈ രണ്ടാം വിവാഹം റജിസ്റ്റർ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കൊടിഞ്ഞി സ്വദേശിനി, പൊൻമുണ്ടം പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചിരുന്നെങ്കിലും ഇടപെടാനാവില്ലെന്ന നിലപാട് സ്വീകരിച്ചതിനാൽ അഡ്വ.കെ.കെ.സമദ് മുഖേന ഇവർ കേരള ഹൈക്കോടതിയെ സമീപിക്കുകയയായിരുന്നു.തൗഫീഖിന്റെയും രണ്ടാം ഭാര്യയുടെയും വിവാഹ റജിസ്ട്രേഷൻ അപേക്ഷ ലഭ്യമായാൽ ആദ്യ ഭാര്യയുടെ പരാതി കേൾക്കണമെന്നും തർക്കങ്ങളുണ്ടായാൽ തീരുമാനം സിവിൽ കോടതിക്ക് വിടണമെന്നുമാണ് കോടതി സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുള്ളത്.
രണ്ടാം വിവാഹം റജിസ്റ്റർ ചെയ്യാൻ ആദ്യ ഭാര്യയെ കേൾക്കണമെന്ന് പഞ്ചായത്തിന് ഹൈക്കോടതി നിർദേശം
