ട്രംപിന് തിരിച്ചടി; തീരുവ ചുമത്തിയത് നിയമവിരുദ്ധം, അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഫെഡറല്‍ അപ്പീല്‍ കോടതി

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ വൻ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ നീക്കങ്ങള്‍ക്ക് തിരിച്ചടി.യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതിയുടെ വിധി. അടിയന്തിര സാമ്ബത്തിക നിയമം ഉപയോഗിച്ച്‌ ഏകപക്ഷീയമായി തീരുവകള്‍ പ്രഖ്യാപിച്ച പ്രസിഡന്റ് അധികാര ദുർവിനിയോഗം നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.ഭരണഘടന അനുസരിച്ച്‌ തീരുവകള്‍ പ്രഖ്യാപിക്കാനുള്ള അധികാരം നിയമനിർമാണ സഭയ്‌ക്ക് മാത്രമാണ്. കേസുകള്‍ തീരുന്നത് വരെ നിലവിലെ തീരുവകള്‍ തുടരാമെന്ന് കോടതി വ്യക്തമാക്കി. അടിയന്തര സാമ്ബത്തിക അധികാര നിയമപ്രകാരം താരിഫുകള്‍ നടപ്പാക്കുമെന്ന ട്രംപിന്റെ തീരുമാനം യുഎസ് ഫെഡറല്‍ അപ്പീല്‍ കോടതി ഏഴ് – നാല് ഭൂരിപക്ഷ വിധിയിലൂടെയാണ് തള്ളിയത്. നികുതി താരിഫ് സംബന്ധിച്ച തീരുമാനം പ്രസിഡന്റിന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ലെവികള്‍ നിശ്ചയിക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസിനാണ് അധികാരമെന്നും ഫെഡറല്‍ കോടതി പറഞ്ഞു.കോടതി വിധിയെ വിമര്‍ശിച്ച്‌ ഡോണള്‍ഡ് ട്രംപും രംഗത്തെത്തി. വിധി നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്ന സൂചന നല്‍കിയ ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വിമർശനം നടത്തിയത്. അതേസമയം, ഫെഡറല്‍ കോടതിയുടെ വിധിയെ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *