മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ ബാബരി മസ്ജിദ് വിധിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ക്യുറേറ്റീവ് പെറ്റീഷൻ സമർപ്പിക്കാൻ നീക്കം.നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ പ്രൊഫ. മോഹൻ ഗോപാല്‍ ആണ് ഹരജി സമർപ്പിക്കാനൊരുങ്ങുന്നത്. ചന്ദ്രചൂഢിന്റെ വെളിപ്പെടുത്തിലില്‍ ക്യുറേറ്റീവ് പെറ്റീഷന് സാധ്യതയുണ്ടെന്ന് മോഹൻ ഗോപാല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എച്ച് മുഹമ്മദ് കോയ ചെയർ സംഘടിപ്പിച്ച സെമിനാറില്‍ വ്യക്തമാക്കിയിരുന്നു.അഡ്വ. ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിന് പ്രതികരണമായാണ് ക്യുറേറ്റീവ് പെറ്റീഷനെ കുറിച്ച് മോഹൻ ഗോപാല്‍ പറഞ്ഞത്. സുപ്രിംകോടതിയുടെ അന്തിമ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നതിന് ഇന്ത്യയില്‍ ലഭ്യമായ അവസാന നിയമപരമായ മാർഗമാണ് ക്യുറേറ്റീവ് പെറ്റീഷൻ. പുനഃപരിശോധനാ ഹരജി ഉള്‍പ്പെടെയുള്ള മറ്റു എല്ലാ വഴികളും തീർന്നതിന് ശേഷം സമർപ്പിക്കുന്നതാണ് ക്യുറേറ്റീവ് പെറ്റീഷൻ. ബാബരി മസ്ജിദിന്റെ നിർമാണമായിരുന്നു അയോധ്യയിലെ അടിസ്ഥാനപരമായ കളങ്ക പ്രവർത്തനം എന്നായിരുന്നു ചന്ദ്രചൂഢിന്റെ പ്രസ്താവന. 1949-ല്‍ ബാബരി മസ്ജിദിന് അകത്ത് രാം ലല്ലയുടെ വിഗ്രഹങ്ങള്‍ സ്ഥാപിച്ച് ആ ആരാധനാലയത്തെ കളങ്കപ്പെടുത്തിയതിന്റെ പേരില്‍ ഹിന്ദു കക്ഷികള്‍ക്കെതിരെ നിയമനടപടി എടുക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ‘മസ്ജിദിന്റെ നിർമാണമാണ് അടിസ്ഥാനപപരമായ കളങ്ക പ്രവർത്തനം’ എന്ന് ചന്ദ്രചൂഢ് പറഞ്ഞത്. അത് പുരാവസ്തു ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദേഹം വാദിച്ചു. ഏതെങ്കിലും കെട്ടിടം പൊളിച്ചാണ് ബാബരി മസ്ജിദ് നിർമിച്ചത് എന്നതിന് തെളിവുകളില്ലെന്ന് സുപ്രിം കോടതി വിധി നിലനില്‍ക്കെയാണ് മുൻ ചീഫ് ജസ്റ്റിസിന്റെ പരാമർശം.ഒരു വിധിനിർണയം നടത്തുന്നതിന് വേണ്ടി സമീപ്പിക്കേണ്ടുന്ന അടിസ്ഥാന പ്രോട്ടോകോള്‍ പാലിച്ചാല്‍ ജനങ്ങള്‍ക്ക് ബോധമാകുന്ന രൂപത്തില്‍ വിധി പറയാൻ സാധിക്കുമെന്നും എന്നാല്‍ അയോധ്യ വിധിയില്‍ തുടക്കം മുതല്‍ തന്നെ അത്തരം കാര്യങ്ങള്‍ പാലിച്ചിരുന്നില്ലെന്നും മോഹൻ ഗോപാല്‍ സെമിനാറില്‍ പറഞ്ഞിരുന്നു. പൂർണമായും ദൈവശാസ്ത്രമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ബാബരി മസ്ജിദ് വിധി പറഞ്ഞത്. ജഡ്ജിമാർ വിധിനിർണയത്തില്‍ സുതാര്യരായിരിക്കണമെന്നും മോഹൻ ഗോപാല്‍ പറഞ്ഞു.നീതിയുടെ ഗുരുതരമായ പിഴവ് അല്ലെങ്കില്‍ കോടതി പ്രക്രിയയുടെ ദുരുപയോഗം എന്നിവ തടയുന്നതിനുള്ള ഒരു ഉപകരണമാണ് ക്യൂറേറ്റീവ് പെറ്റീഷൻ. സ്വാഭാവിക നീതി തത്വങ്ങളുടെ ലംഘനം പോലുള്ള വളരെ പരിമിതമായ കാരണങ്ങളാല്‍ മാത്രമേ ഇത് സമർപ്പിക്കാൻ കഴിയൂ. മുതിർന്ന ജഡ്ജിമാരുടെ ഒരു ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഹരജി പരിശോധിക്കുന്നത്.
മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വെളിപ്പെടുത്തല്‍; ബാബരി മസ്ജിദ് കേസില്‍ ക്യുറേറ്റീവ് പെറ്റീഷൻ സമര്‍പ്പിക്കാൻ നീക്കം
