ഭോപ്പാല്‍: കുപ്പിവെള്ളത്തിന് തെറ്റായി ഒരു രൂപ ജിഎസ്ടി ഈടാക്കിയതിന് മൊത്തം 8,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഭോപ്പാൽ ഉപഭോക്തൃ ഫോറം. ഒരു റെസ്റ്റോറന്റിനാണ് പിഴ ചുമത്തിയിട്ടുള്ളത്. 2021 ഒക്ടോബറിൽ നടന്ന സംഭവത്തില്‍ ഏകദേശം നാല് വർഷത്തിന് ശേഷമാണ് പരാതിക്കാരന് അനുകൂലമായി ഫോറം വിധി പറഞ്ഞത്. 2021ൽ പരാതിക്കാരനായ ഐശ്വര്യ ഭോപ്പാലിലെ ഒരു റെസ്റ്റോറന്റിൽ സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാൻ പോയിരുന്നു. ബിൽ ലഭിച്ചപ്പോൾ കുപ്പിവെള്ളത്തിൽ രേഖപ്പെടുത്തിയിരുന്ന പരമാവധി വില (MRP) 20 രൂപയായിരുന്നിട്ടും, റെസ്റ്റോറന്റ് 29 രൂപ ഈടാക്കിയതായി അദ്ദേഹം ശ്രദ്ധിച്ചു. അതിൽ ഒരു രൂപ ജിഎസ്ടിയും ഉൾപ്പെട്ടിരുന്നു. ഐശ്വര്യ ഇതിനെ ചോദ്യം ചെയ്തപ്പോൾ, ബില്ലിംഗ് നിയമപരമാണെന്നും റീഫണ്ട് നൽകാൻ കഴിയില്ലെന്നും റെസ്റ്റോറന്റ് ജീവനക്കാർ പറഞ്ഞു.
തുടർന്ന് ഐശ്വര്യ ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. തന്റെ കക്ഷിക്ക് 20 രൂപ വിലയുള്ള ഒരു കുപ്പിവെള്ളത്തിന് 29 രൂപ ഈടാക്കിയെന്ന് വാദത്തിനിടെ അഭിഭാഷകനായ പ്രതീക് പവാർ ചൂണ്ടിക്കാട്ടി. ഇരിപ്പിടം, എയർ കണ്ടീഷനിംഗ്, മേശപ്പുറത്ത് നൽകുന്ന സേവനം തുടങ്ങിയ അധിക സേവനങ്ങൾ കാരണം എംആർപിക്ക് മുകളിൽ ഈടാക്കുന്നത് ന്യായമാണ് എന്നാണ് റെസ്റ്റോറന്റ് അഭിഭാഷകൻ വാദിച്ചത്.
എന്നാൽ, ഉപഭോക്തൃ ഫോറം ഈ വാദം തള്ളുകയും കുപ്പിവെള്ളത്തിന്റെ എംആർപിയിൽ ജിഎസ്ടി ഉൾപ്പെടുന്നുവെന്ന് വിധിക്കുകയും ചെയ്തു. അതിനാൽ അധികമായി ഒരു രൂപ ജിഎസ്ടി ഈടാക്കിയത് സേവനത്തിലെ പോരായ്മയാണെന്നും വ്യക്തമാക്കി. ജിഎസ്ടിയായി ഈടാക്കിയ ഒരു രൂപ തിരികെ നൽകാൻ ഫോറം റെസ്റ്റോറന്റിനോട് ഉത്തരവിട്ടു. മാനസിക വിഷമത്തിനും സേവനത്തിലെ കുറവിനും 5,000 രൂപയും നിയമപരമായ ചെലവുകൾക്കായി 3,000 രൂപയും നൽകാനും ഫോറം ഉത്തരവിട്ടു. അങ്ങനെ ഒരു രൂപ ജിഎസ്ടി ഈടാക്കിയതിന് മൊത്തം നഷ്ടപരിഹാരം നല്‍കേണ്ടത് 8,000 രൂപയാണ്.