ദുര്‍ഗാ പൂജയോട് അനുബന്ധിച്ച് ജാദവ്പുര്‍ കോഫി ഹൗസിന് മുന്നില്‍ സിപിഎമ്മിട്ട താല്കാലിക ബുക്സ്റ്റോളിന് അനുമതിയോ സംരക്ഷണമോ നല്‍കാനാവില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ബുക്സ്റ്റോള്‍ പൊളിച്ച് നീക്കാനുള്ള കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പറേഷന്റെയും പൊലീസിന്റെയും നീക്കത്തിനെതിരെ സംരക്ഷണം തേടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ബുക്സ്റ്റോള്‍ നടത്താനുള്ള അനുമതി സിപിഎം വാങ്ങിയിരുന്നില്ലെന്നും അതുകൊണ്ട് തന്നെ അതിന് സംരക്ഷണം നല്കാന് കോടതിക്ക് കഴിയില്ലെന്നും ജസ്റ്റിസ് പാര്‍ഥ പ്രതിം റോയ് വ്യക്തമാക്കി. വന്‍ പൊലീസ് സന്നാഹത്തോടെ കഴിഞ്ഞ ദിവസം ബുക്സ്റ്റോള്‍ പൊളിച്ച് നീക്കാന്‍ മുനിസിപ്പല്‍ അധികൃതര്‍ ബുള്‍ഡോസറുമായി എത്തിയതോടെയാണ് സിപിഎം ജാദവ്പുര്‍ 1 ഏരിയ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ 49 വര്‍ഷമായി ദുര്‍ഗാപൂജ സമയത്ത് ബുക്സ്റ്റോള്‍ കോഫി ഹൗസിന് മുന്നില്‍ ഇടുന്നതാണെന്നും ഇക്കുറി കുറച്ച് വിശാലമാക്കിയെന്നേയുള്ളൂവെന്നും പാര്‍ട്ടി കോടതിയില്‍ വാദിച്ചു. ഇതിനായി മുന്‍സിപ്പല്‍ കോര്‍പറേഷന്റെ അനുമതി സെപ്റ്റംബര്‍ 19നേ തേടിയിരുന്നുവെന്നും ബുക്സ്റ്റോള്‍ ഇടുന്ന വിവരം ജാദവ്പുര്‍ പൊലീസ് സ്റ്റേഷന്റെ ഓഫിസര്‍ ഇന്‍ ചാര്‍ജിനെ അറിയിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
താല്കാലിക ബുക്സ്റ്റോളിനുള്ള വാടകയെന് നിലയില്‍ 3208 രൂപ കോര്‍പറേഷനില്‍ അടച്ചുവെന്നും സിപിഎം വ്യക്തമാക്കി. ബലമായി ബുക്സ്റ്റോള്‍ ഒഴിപ്പിക്കുന്നത് തടയണമെന്നും നിയമത്തിന്റെ സംരക്ഷണം നല്‍കണമെന്നും തങ്ങള്‍ കഴിഞ്ഞ മാസം നല്കിയ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ മുന്‍സിപ്പല്‍ കോര്‍പറേഷനോട് നിര്‍ദേശിക്കണമെന്നുമായിരുന്നു സിപിഎം ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വാടകയിനത്തില്‍ കോര്‍പറേഷനിലേക്ക് പണം അടച്ചതിന് പൊലീസിന്റെ അംഗീകാരം വേണമെന്നും നിലവില്‍ ബുക്സ്റ്റോള്‍ നടത്താനുള്ള അനുമതി കോര്‍പറേഷനില്‍ നിന്ന് സിപിഎമ്മിന് ലഭിച്ചിട്ടില്ലെന്നാണ് രേഖകളില്‍ നിന്ന് മനസിലാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ദുര്‍ഗാപൂജയുടെ ഭാഗമായി കൊല്‍ക്കത്തയില്‍ പലയിടത്തും സിപിഎം ഇട്ട ബുക്സ്റ്റോളുകള്ക്ക് നേരെ പരക്കെ അക്രമം ഉണ്ടായിരുന്നു. ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കൊല്‍ക്കത്ത ധനമന്ത്രി സ്വപന് ദാസ് ഗുപ്ത പ്രതികരിച്ചു. നാണക്കേട് കൊണ്ട് തന്റെ തല കുനിയുകയാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആക്രമണങ്ങളില്‍ ബിജെപിക്ക് പങ്കില്ലെന്ന് ബംഗാള്‍ ബിജെരി അധ്യക്ഷന്‍ സമിക് ഭട്ടാചാര്യയും വ്യക്തമാക്കി. ദുര്ഗാപൂജയ്ക്കല്ല, പാര്‍ട്ടി ഓഫിസുകളില്‍ പുസ്തകശാല ഇടൂവെന്നായിരുന്നു മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പരിഹാസം.
