ബംഗാൾ വോട്ടർ പട്ടിക: വോട്ടർമാരെ ഒഴിവാക്കിയതിൽ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി; ഹർജി തള്ളി

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ വോട്ടർ പട്ടിക പുതുക്കലിൽ (എസ്‌ഐആർ) പേര് നീക്കം ചെയ്യപ്പെട്ട വോട്ടർമാർക്ക് ആശ്വാസമില്ല. വോട്ടർ പട്ടിക മരവിപ്പിക്കുന്നത് വൈകിപ്പിക്കണമെന്ന ബംഗാൾ സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വോട്ടർ പട്ടികയിലെ ‘ലോജിക്കൽ വൈകല്യങ്ങൾ’ പരിഹരിക്കുന്നതിന്റെ ഭാഗമായി ലക്ഷക്കണക്കിന് വോട്ടർമാരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.ഇത് വോട്ടർമാരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും അപ്പീലുകളിൽ തീരുമാനം വരുന്നത് വരെ പട്ടിക മരവിപ്പിക്കുന്നത് നീട്ടണമെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ വാദിച്ചു. എന്നാൽ, വോട്ടെടുപ്പ് നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ ഇനി വോട്ടർ പട്ടികയിൽ മാറ്റം വരുത്തുന്നത് പ്രായോഗികമല്ലെന്ന് കോടതി വ്യക്തമാക്കി.വോട്ടർ പട്ടികയിലെ പിഴവുകളുമായി ബന്ധപ്പെട്ട് 60 ലക്ഷത്തോളം പരാതികളാണ് ലഭിച്ചത്. ഇതിൽ 59.15 ലക്ഷം പരാതികളും ഇതിനകം തീർപ്പാക്കിയതായി കോടതി നിരീക്ഷിച്ചു. ആദ്യഘട്ട നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ ഏപ്രിൽ 6-ന് തന്നെ വോട്ടർ പട്ടിക മരവിപ്പിക്കാൻ കോടതി അനുമതി നൽകി.ഒഴിവാക്കപ്പെട്ടവർക്ക് അപ്പീൽ നൽകാൻ പ്രത്യേക ട്രൈബ്യൂണലുകൾ രൂപീകരിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സീനിയർ ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സമിതി ഇതിനായി പ്രവർത്തിക്കും.തെരഞ്ഞെടുപ്പ് കമ്മീഷനും ബംഗാൾ സർക്കാരും തമ്മിലുള്ള തർക്കത്തെത്തുടർന്ന് സുപ്രീംകോടതി ഇടപെട്ട് ജുഡീഷ്യൽ ഓഫീസർമാരെയാണ് വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾക്കായി നേരത്തെ നിയോഗിച്ചിരുന്നത്. വോട്ടർമാരുടെ പരാതികൾ പരിശോധിക്കുന്നതിൽ ജുഡീഷ്യൽ ഓഫീസർമാർ സ്തുത്യർഹമായ സേവനമാണ് നടത്തിയതെന്നും കോടതി വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *