കൊച്ചി: നികുതിദായകൻ നേരിട്ട് ഹാജരായില്ലെന്ന ഒറ്റക്കാരണത്താൽ ആദായനികുതി അപ്പീൽ തള്ളാനാകില്ലെന്ന് കേരള ഹൈക്കോടതി. ആദായനികുതി നിർണയ ഉത്തരവിനെതിരെ നടൻ ജയസൂര്യ നൽകിയ അപ്പീൽ തള്ളിയ ഒന്നാം അപ്പലേറ്റ് അതോറിറ്റിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി.നാല് തവണ നോട്ടീസ് നൽകിയിട്ടും ഹിയറിങ്ങിന് ഹാജരായില്ലെന്ന കാരണത്താലാണ് ജയസൂര്യയുടെ അപ്പീൽ തള്ളിയത്. എന്നാൽ അപ്പീലിൽ ഉന്നയിച്ച പ്രധാന വാദങ്ങൾ പരിശോധിച്ചശേഷം നിയമപരമായ കാരണങ്ങൾ വ്യക്തമാക്കി മാത്രമേ അപ്പലേറ്റ് അതോറിറ്റിക്ക് തീരുമാനമെടുക്കാനാകൂവെന്ന് ജസ്റ്റിസ് എ. എ. സിയാദ് റഹ്മാൻ വ്യക്തമാക്കി.ആദായനികുതി നിയമത്തിലെ സെക്ഷൻ 250(6) പ്രകാരം അപ്പീൽ പരിഗണിക്കുന്ന അതോറിറ്റിക്ക് പരിശോധനാ വിഷയങ്ങൾ നിർണയിക്കുകയും ഉത്തരവിന്റെ കാരണങ്ങൾ വ്യക്തമാക്കുകയും ചെയ്യേണ്ട ബാധ്യതയുണ്ട്. അപ്പീൽ നൽകിയ വ്യക്തി നേരിട്ട് ഹാജരായില്ലെങ്കിലും അപ്പീലിലെ പ്രധാന വാദങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.തുടർന്ന് ജയസൂര്യയുടെ അപ്പീൽ തള്ളിയ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, അപ്പീൽ വീണ്ടും പരിഗണിക്കാനും ജയസൂര്യക്ക് ന്യായമായ വാദം കേൾക്കാൻ അവസരം നൽകാനും കമ്മീഷണർ ഓഫ് ഇൻകം ടാക്സ് (അപ്പീൽസ്) നിർദേശിച്ചു
ഹാജരായില്ലെന്ന കാരണത്താൽ അപ്പീൽ തള്ളാനാവില്ല; ആദായനികുതി കേസിൽ ജയസൂര്യക്ക് ഹൈക്കോടതി ആശ്വാസം
