അജിത്കുമാറിന്റെ ക്ലീൻചിറ്റ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ; മുഖ്യമന്ത്രിയെ കുടഞ്ഞ് കോടതി

Oplus_16908288

അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ എഡിജിപി എം.ആർ. അജിത്കുമാറിന് ക്ലീൻചിറ്റ് റിപ്പോർട്ട് നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരത്തോടെയാണെന്ന രേഖകള്‍ പുറത്ത്.ആഭ്യന്തര വകുപ്പിന് വിജിലൻസ് കൈമാറിയ രേഖയാണ് പുറത്തുവന്നത്. അജിത്കുമാറിന് ക്ലീൻചിറ്റ് നല്‍കാൻ മുഖ്യമന്ത്രിയുടെ അംഗീകാരമുണ്ടെന്ന് രേഖയില്‍ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 16-നാണ് വിജിലൻസ് റിപ്പോർട്ട് കൈമാറിയത്.അജിത്കുമാറിനെതിരെ അന്വേഷണം നടത്തി വിജിലൻസ് സമർപ്പിച്ച ക്ലീൻചിറ്റ് നേരത്തെ വിജിലൻസ് കോടതി തള്ളിയിരുന്നു. അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജു നല്‍കിയ ഹർജി പരിഗണിച്ച കോടതി സർക്കാർ സമർപ്പിച്ച ക്ലീൻചിറ്റ് റിപ്പോർട്ട് പരിശോധിച്ചു. റിപ്പോർട്ട് അപൂർണമാണെന്ന് വിലയിരുത്തിയ കോടതി ക്ലീൻചിറ്റ് റിപ്പോർട്ട് തള്ളുകയായിരുന്നു. ഓഗസ്റ്റ് 14-നാണ് അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ എഡിജിപി എം.ആർ.അജിത്കുമാറിന് വിജിലൻസ് നല്‍കിയ ക്ലീൻചിറ്റ് വിജിലൻസ് കോടതി തള്ളിയത്.അന്വേഷണോദ്യോഗസ്ഥനെ രൂക്ഷമായി വിമർശിച്ച കോടതി അന്തിമറിപ്പോർട്ടിലെ ‘മുഖ്യമന്ത്രി അംഗീകരിച്ചെ’ന്ന പരാമർശത്തെയും നിശിതമായി വിമർശിക്കുകയുണ്ടായി. മുഖ്യമന്ത്രി വിജിലൻസിന്റെ തലവനാണെന്നത് ഭരണകാര്യം മാത്രമാണെന്നും അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും ഇടപെടാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. നിയമസംവിധാനവും നിയമവുമാണ് ഒരാളെ കുറ്റക്കാരനാക്കുന്നതും കുറ്റവിമുക്തനാക്കുന്നതും. അതില്‍ ഭരണത്തലവനോ ഉന്നതരാഷ്ട്രീയക്കാർക്കോ ഒരുതരത്തിലും ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. അത്തരം അന്വേഷണം സ്വതന്ത്രവും നീതിപൂർണവുമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം. മനോജാണ് വിജിലൻസ് അന്വേഷണത്തെ വിമർശിച്ചത്.ഉന്നത ഉദ്യോഗസ്ഥനെതിരേ എങ്ങനെയാണ് കീഴുദ്യോഗസ്ഥന് കേസ് അന്വേഷിക്കാനാകുകയെന്നും കോടതി ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥനെ ബോധപൂർവം രക്ഷിക്കാനുള്ള നിയമവിരുദ്ധ നടപടിയാണ് അന്വേഷണോദ്യോഗസ്ഥനില്‍നിന്നുണ്ടായത്. കേസിന്റെ പ്രാഥമിക അന്വേഷണം സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് നടത്തണമെന്നും കോടതി നിർദേശിച്ചു. കോടതിയുടെ വിമർശനം ഏറ്റുവാങ്ങിയ രേഖയാണ് ഇപ്പോള്‍ പുറത്തുവന്നത്.അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ അജിത്കുമാറിനെതിരായ വിജിലൻസ് കോടതി നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. അജിത്കുമാറിനെതിരെ വിജിലൻസ് നടത്തിയ അന്വേഷണം പ്രഹസനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കീഴുദ്യോഗസ്ഥൻ അന്വേഷണം നടത്തിയത് തെറ്റാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *