കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

കൊച്ചി: കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെക്കുന്നത് പോലും സാമൂഹ്യ വിരുദ്ധ പ്രവർത്തനമായി കണക്കാക്കാമെന്ന് ഹൈക്കോടതി. കാപ്പ നിയമപ്രകാരം പ്രതികളെ കരുതൽ തടങ്കലിൽ വെക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി ഗോപിനാഥ്, ജസ്റ്റിസ് എ ബദറുദ്ദീൻ, ജസ്റ്റിസ് എം ബി സ്നേഹലത, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന വിശാല ബെഞ്ച് നിരീക്ഷിച്ചു.മയക്കുമരുന്ന് കേസിനെ നിസാരമായി കാണാനാവില്ല. മയക്കുമരുന്ന് ഉപയോഗം സമൂഹത്തിനെതിരായ കുറ്റമാണ്. ചെറിയ അളവിലുള്ള ഉപയോഗം പോലും വലിയ ദുരന്തങ്ങൾക്ക് കാരണമായേക്കാമെന്ന് കോടതി പറഞ്ഞു. കുറഞ്ഞ അളവിൽ മയക്കുമരുന്ന് സൂക്ഷിച്ചതിന്റെ പേരിൽ കാപ്പ പ്രകാരം തടവിലാക്കാനാകില്ലെന്ന മൂന്നംഗ ബെഞ്ചിന്റെ മുൻഉത്തരവ് തെറ്റാണെന്ന് വിലയിരുത്തിയാണ് വിധി. വാണിജ്യലക്ഷ്യത്തോടെയുള്ള മയക്കുമരുന്ന് കേസുകളിൽ മാത്രമേ കുറ്റവാളിയായി കണക്കാക്കാനാകൂവെന്നായിരുന്നു 2024 ലെ സുഹാന കേസിൽ ഹൈക്കോടതി ഫുൾബെഞ്ചിന്റെ വിധി.ഈ വിലയിരുത്തൽ തള്ളിയ ബെഞ്ച്, മയക്കുമരുന്നിന് അടിമകളായവരെയും രസത്തിന് ഉപയോഗിക്കുന്നവരെയും വ്യത്യസ്തമായി കാണണമെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. മയക്കുമരുന്ന് ശൃംഖലയെ തകർക്കാനുള്ള ശക്തമായ നടപടികളാണ് ജനാധിപത്യ സമൂഹം സ്വീകരിക്കേണ്ടതെന്നും ലഹരി ഉപയോഗത്തിന്റെ ഭീകരതയെ ചെറുക്കാനാണ് എൻഡിപിഎസ് ആക്ടും കാപ്പ നിയമവുമെല്ലാം പ്രവർത്തിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ആദ്യമായി മയക്കുമരുന്നുമായി പിടികൂടുന്നവരെ മതിയായ ചികിത്സ നൽകി പുനരധിവസിപ്പിക്കണമെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *