ഭുവനേശ്വർ: അൽ ഖാഇദ, ഇന്ത്യൻ മുജാഹിദീൻ എന്നീ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട കേസിൽ മുഹമ്മദ് അബ്ദുർ റഹ്മാൻ അലി ഖാനെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കട്ടക്കിലെ സെഷൻസ് കോടതി വെറുതെവിട്ടു.ഭീകരപ്രവർത്തനങ്ങൾ നടത്തുകയും അത്തരം പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുകയും ചെയ്തു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ 2012 ഡിസംബർ 17-നാണ് റഹ്മാനെ ഒഡീഷ പൊലീസും ഡൽഹി പൊലീസിന്റെ പ്രത്യേക വിഭാഗവും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ സർക്കാരിനെതിരെ വിദ്വേഷവും അതൃപ്തിയും പ്രചരിപ്പിച്ചതായും ഇയാൾക്കെതിരെ ആരോപണമുണ്ടായിരുന്നു. തുടർന്ന് യുഎപിഎ പോലുള്ള കർശനമായ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കട്ടക്കിലെ ജഗത്പൂർ പൊലീസ് സ്റ്റേഷനിൽ ആദ്യം രജിസ്റ്റർ ചെയ്ത ഈ കേസ് പിന്നീട് ഒഡീഷ പൊലീസിന്റെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.ജഗത്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശതബാതിയ ഗ്രാമസ്വദേശിയായ റഹ്മാൻ, കട്ടക്ക് ജില്ലയിലെ ബിൽതെരുവൻ ഗ്രാമത്തിൽ ഒരു മദ്രസ നടത്തിവരികയായിരുന്നു. റഹ്മാൻ തന്റെ മദ്രസ വഴി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുകയും ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്തുവെന്നതടക്കം നിരവധി ആരോപണങ്ങളാണ് ഇയാൾക്കെതിരെ ഉയർന്നുവന്നത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിദേശത്തുനിന്ന് പണം ശേഖരിച്ചതായും ഇയാൾക്കെതിരെ ആരോപണമുണ്ടായിരുന്നു.ഈ കേസിൽ 2016 ഡിസംബറിലാണ് കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് 2017 സെപ്റ്റംബർ 13-ന് കോടതി കുറ്റപത്രം ചുമത്തി. എന്നാൽ, ഭീകരപ്രവർത്തനങ്ങൾക്കായി ഇയാൾക്ക് രാജ്യത്തിനകത്തുനിന്നോ പുറത്തുനിന്നോ പണം ലഭിച്ചെന്നോ, ഭീകര സംഘടനകൾക്കായി ഇയാൾ പണം സമാഹരിച്ചെന്നോ തെളിയിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു.ഭീകരസംഘടനകളുമായുള്ള ഇയാളുടെ ബന്ധം, കുപ്രസിദ്ധ ഭീകരരുമായുള്ള സമ്പർക്കം, പാകിസ്താൻ സന്ദർശനം എന്നിവ സംബന്ധിച്ച് വിശ്വസനീയവും ശക്തവുമായ യാതൊരു തെളിവുകളും കോടതിക്ക് മുന്നിൽ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ”പ്രതി ഈ രാജ്യത്തെയോ വിദേശത്തെയോ ഏതെങ്കിലും കുപ്രസിദ്ധ ഭീകരരുമായി എപ്പോഴെങ്കിലും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നതിനോ, അദ്ദേഹം അത്തരം ഏതെങ്കിലും ഭീകരസംഘടനയിലെ അംഗമാണെന്നതിനോ വിശ്വസനീയമായ ഒരു തെളിവുപോലും നിലവിലില്ല”- എന്ന് കോടതി ഉത്തരവിൽ പറയുന്നു.
വിശ്വസനീയമായ തെളിവിന്റെ തരി പോലുമില്ല’; അൽ ഖാഇദക്കായി പണം സമാഹരിച്ചുവെന്ന് ആരോപിക്കപ്പെട്ടയാളെ കോടതി വെറുതെവിട്ടു
