സിഎംആർഎൽ- എക്സാലോജിക് ദുരൂഹ ഇടപാടിൽ ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണംതടയണമെന്നാവശ്യപ്പെട്ടുള്ള സിഎംആർഎല്ലിന്റെ ഹർജി ഹൈക്കോടതി തള്ളി. തുടർനടപടികൾക്കുള്ള സ്റ്റേ രണ്ടാഴ്ച കൂടി നീട്ടണമെന്ന സി.എം.ആർ.എല്ലിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. സിഎംആർഎൽ- എക്സാലോജിക് ദുരൂഹ ഇടപാടിൽ ഇഡിയുടെ അന്വേഷണ നടപടികളും സമൻസും സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. സിഎംആർഎൽ കമ്പനിയുടെ ഈ ഹർജിയാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ബെഞ്ച് തള്ളിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടപടികൾ ആരംഭിക്കാനുള്ള കുറ്റകൃത്യങ്ങൾ നിലവിലില്ലെന്നും ഇഡിക്ക് അന്വേഷണ അധികാരമില്ലെന്നുമാണ് സിഎംആർഎൽ പ്രധാനമായും വാദിച്ചത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്, കമ്പനി നിയമപ്രകാരം നിലവിൽ കേസ് അന്വേഷിക്കുന്നുണ്ടെന്നും അതുകൊണ്ട് മറ്റ് ഏജൻസികൾക്ക് ഈ ഇടപാടിൽ അന്വേഷണം നടത്താൻ നിയമപരമായി കഴിയില്ലെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ സിഎംആർഎൽ മാനേജിങ് ഡയറക്‌ടർ എസ്.എൻ. ശശിധരൻ കർത്ത, കമ്പനി ഉദ്യോഗസ്‌ഥർ തുടങ്ങിയവരുടെ ഈ വാദങ്ങളെ ഇഡി ശക്തമായി എതിർത്തു.എസ്എഫ്ഐഒ അന്വേഷണത്തിൽ നിന്ന് വ്യത്യസ്‌തമാണ് തങ്ങളുടെ അന്വേഷണമെന്നാണ് ഇഡി വാദിച്ചത്. പൊതുമേഖലാ സ്‌ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കുമായി 62 ശതമാനത്തോളം ഓഹരിയുള്ള സിഎംആർഎൽ വ്യാജ ചെലവുകൾ കണക്കിൽ കാണിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. നിയമപ്രകാരം ആർക്കും സമൻസ് അയക്കാൻ ഇഡിക്ക് അധികാരമുണ്ട്. സമൻസ് ലഭിച്ചാൽ ഹാജരായി സത്യം ബോധിപ്പിക്കാൻ ഹർജിക്കാർക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ട്. ഭാവിയിൽ പ്രോസിക്യൂഷൻ നടപടികൾ ഉണ്ടായേക്കാം എന്ന ഭയത്താൽ സമൻസിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നുമായിരുന്നു ഇഡിയുടെ വാദം. ഈ വാദം അംഗീകരിച്ചാണ് ഹർജി ഹൈക്കോടതി തള്ളിയത്. ഉത്തരവിന് പിന്നാലെ തുടർ നടപടികൾ രണ്ടാഴ്ചത്തേക്ക് കൂടി സ്റ്റേ ചെയ്യണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
എക്സാലോജിക് ദുരൂഹ ഇടപാടിൽ ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
