വ്യാജ സുപ്രീം കോടതി ഉത്തരവ് കാട്ടി ജീവപര്യന്തം തടവുകാരൻ ജയിൽ ചാടി; ഞെട്ടൽ മാറാതെ ബെംഗളൂരു പരപ്പന അഗ്രഹാര അധികൃതർ

best supreme court lawyers in Delhi

ബംഗളൂരു: എട്ട് വര്‍ഷം മുന്‍പ് വ്യാജ സുപ്രീം കോടതി രേഖകള്‍ ചമച്ച് ജീവപര്യന്തം തടവുകാരന്‍ ജയില്‍ മോചിതനായതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് സംഭവം. വ്യാജരേഖകള്‍ നിര്‍മ്മിക്കാന്‍ സഹായിച്ച തടവുകാരനും കൂട്ടാളികള്‍ക്കുമെതിരെ ജയില്‍ അധികൃതര്‍ ഇപ്പോള്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.2001-ല്‍ നടന്ന ഒരു പണയത്തുക തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതിയായ ശങ്കര്‍ എ. എന്നയാളാണ് ജയില്‍ അധികൃതരെ പറ്റിച്ച് പുറത്തുകടന്നത്. ഐ.പി.സി സെക്ഷന്‍ 364A (പണത്തിനായി തട്ടിക്കൊണ്ടുപോകല്‍), 120B (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്ക് കോടതി രണ്ട് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. രണ്ട് ശിക്ഷകളും ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നായിരുന്നു ഉത്തരവ്. ഒപ്പം 5,000 രൂപ വീതം പിഴയും ചുമത്തിയിരുന്നു.2018 ഡിസംബര്‍ 3-നാണ് ക്രിമിനല്‍ അപ്പീലില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചതെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ഒരു കത്ത് ജയില്‍ അധികൃതര്‍ക്ക് ലഭിക്കുന്നത്. ഈ വ്യാജ ഉത്തരവിന്റെ അടിസ്ഥാനത്തില്‍, മൊത്തം 10,000 രൂപ പിഴയൊടുക്കി 2018 നവംബര്‍ 13-ന് ശങ്കര്‍ ജയിലില്‍ നിന്ന് മോചിതനാവുകയായിരുന്നു എന്ന് പുതിയ എഫ്.ഐ.ആറില്‍ പറയുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം, ശങ്കര്‍ സമര്‍പ്പിച്ച കോടതി രേഖകള്‍ വ്യാജമാണെന്ന് കാണിച്ച് പരാതികള്‍ ഉയര്‍ന്നതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്.തുടര്‍ന്ന് കര്‍ണാടക ജയില്‍ ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ബന്ധപ്പെട്ട രേഖകള്‍ കൂടുതല്‍ പരിശോധനയ്ക്കായി ബെംഗളൂരു സതേണ്‍ റേഞ്ച് ജയില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിന് കൈമാറി.അന്വേഷണത്തിന്റെ ഭാഗമായി, ജയില്‍ വകുപ്പ് സുപ്രീം കോടതി അസിസ്റ്റന്റ് രജിസ്ട്രാറെ ബന്ധപ്പെട്ട് ഉത്തരവിന്റെ വിശ്വാസ്യത പരിശോധിച്ചു. തുടര്‍ന്ന്, 2018 നവംബര്‍ 3-ലെ ആ ഉത്തരവ് പൂര്‍ണ്ണമായും വ്യാജമാണെന്ന് സുപ്രീം കോടതി അധികൃതര്‍ സ്ഥിരീകരിക്കുകയും കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.വ്യാജരേഖകള്‍ ചമയ്ക്കുന്നതിനും സമര്‍പ്പിക്കുന്നതിനും നിരവധി പേര്‍ ശങ്കറിനെ സഹായിച്ചിട്ടുണ്ടെന്നാണ് ജയില്‍ അധികൃതരുടെ നിഗമനം. പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യാനും ഗൂഢാലോചനയിലും രേഖകള്‍ ചമച്ചതിലും പങ്കാളികളായ എല്ലാവര്‍ക്കുമെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനുമുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *