മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ; ഹർജി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി ∙ കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഏഴ് ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇവിടുത്തെ ഭൂമിയുമായി ബന്ധപ്പെട്ട് കോടതി മുമ്പാകെ നേരത്തേ തന്നെയുള്ള ഹർജിയാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ബെഞ്ച് പരിഗണിക്കുക. ഭൂമിയുടെ അവകാശം തങ്ങൾക്ക് അനുവദിച്ചുകൊണ്ടുള്ള പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മലയിടംതുരുത്ത് കണ്ണാട്ട് വീട്ടിൽ സുഭദ്രയും അംബികയും നൽകിയ ഹർജിയാണ് ഹൈക്കോടതി മുമ്പാകെയുള്ളത്. ഇക്കഴിഞ്ഞ മാർച്ച് 19ന് ഹർജി പരിഗണിച്ച ഹൈക്കോടതി, ഈ ഉത്തരവ് നടപ്പാക്കാൻ നിർദേശിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു കുടിയൊഴിപ്പിക്കലിന് പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിട്ടത്. എന്നാൽ മലയിടംതുരുത്തിലെ വീടുകള്‍ ഒഴിപ്പിക്കാൻ ആമീനും അഡ്വക്കറ്റ് കമ്മിഷനും പൊലീസുമായി എത്തിയെങ്കിലും ഇത് സംഘർഷത്തിലാണ് കലാശിച്ചത്. ഒടുവിൽ പ്രശ്നത്തിൽ ഇടപെട്ട സർക്കാർ കോടതിയെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഈ വിഷയം പരിഗണിക്കണമെന്ന് സർക്കാർ ഇന്നലെ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു. ഭൂമിയുടെ അവകാശം സംബന്ധിച്ച് മുൻസിഫ് കോടതിയുടെ ഉത്തരവിനെതിരെ പെരുമ്പാവൂർ സബ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവിടങ്ങളിൽ അപ്പീൽ നൽകിയെങ്കിലും ഇതെല്ലാം തള്ളി. 2023 ഫെബ്രുവരിയിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിധി നടപ്പാക്കുന്നതിനെതിരായ തടസ ഹർജികളും തള്ളിയിരുന്നു. തുടർന്നാണ് ഭൂമിയുടെ അവകാശം തങ്ങൾക്കാണെന്ന മുൻസിഫ് കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. 1984ൽ ആരംഭിച്ച്, സുപ്രീം കോടതി വരെ ശരിവച്ച ഒരു കോടതി വിധി, വെറുമൊരു ‘വിലയില്ലാത്ത കടലാസ് കഷ്ണം’ ആയി മാറാൻ അനുവദിക്കില്ലെന്നും വ്യവഹാരികൾക്ക് നീതിയുടെ ഫലം ലഭിക്കണമെന്നും നിരീക്ഷിച്ചുകൊണ്ടാണ് മുൻസിഫ് കോടതി ഉത്തരവ് നടപ്പാക്കാൻ മാർച്ച് 19ന് ജസ്റ്റിസ് ടി.ആർ.രവി ഉത്തരവിട്ടത്.പ്രശ്നപരിഹാരത്തിനുള്ള വഴി തേടി സർക്കാർ ഇന്നലെ ഇവിടുത്തെ താമസക്കാരുമായി ചർച്ച നടത്തിയിരുന്നു. മന്ത്രി റോജി എം.ജോണിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. തുടർന്നാണ് ഈ വിഷയത്തിൽ സർക്കാർ തന്നെ കോടതിയെ സമീപിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്. കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഇവിടുത്തെ താമസക്കാരെ പുനരധിവസിപ്പിക്കുമെന്നും മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *