ശബരിമലയിൽ പൂജാ ദ്രവ്യങ്ങളുടെ മറവിൽ അഴിമതി; അടിയന്തര റിപ്പോർട്ട് നൽകാൻ നിർദേശിച്ച് ഹൈക്കോടതി

എറണാകുളം:ശബരിമല സന്നിധാനത്ത് അഷ്‌ടാഭിഷേകം ഉൾപ്പെടെയുള്ള പ്രധാന പൂജകൾക്കായി സാധനങ്ങൾ വാങ്ങിയതിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നെന്ന കണ്ടെത്തലിൽ കേരള ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശം നൽകി. ദേവസ്വം വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ശബരിമലയിലെ അക്കൗണ്ടുകൾ സംസ്ഥാന ഓഡിറ്റ് വകുപ്പ് വിശദമായി പരിശോധിക്കും.ഭക്തരിൽ നിന്നും മറ്റ് സ്രോതസ്സുകളിൽ നിന്നും സൗജന്യമായി ലഭിക്കുന്ന പൂജാദ്രവ്യങ്ങൾ ഉപയോഗിച്ച ശേഷം, അവ പണം കൊടുത്തു വാങ്ങിയതാണെന്ന് കാണിച്ച് ഉദ്യോഗസ്ഥർ വ്യാജ വൗച്ചറുകളിലൂടെ പണം എഴുതിയെടുത്തെന്നാണ് വിജിലൻസ് കണ്ടെത്തിയത്.വെറും ആറു മാസത്തെ പൂജകളുടെ ബില്ലുകൾ മാത്രം പരിശോധിച്ചപ്പോൾ 5.15 ലക്ഷം രൂപയുടെ ക്രമക്കേടാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയത്. വൗച്ചറുകളോ കൃത്യമായ രേഖകളോ ഇല്ലാതെ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർമാർ വൻതുക കൈപ്പറ്റിയതായും റിപ്പോർട്ടിലുണ്ട്. ഈ അഴിമതിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കുണ്ടെന്നാണ് വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.ഈ ഇടപാടുകളിലൂടെ ആകെ എത്രത്തോളം തുകയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെടുത്തണം. കൂടാതെ, അഴിമതി നടന്ന കാലയളവിൽ സേവനമനുഷ്‌ഠിച്ചിരുന്ന അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർമാരുടെ സേവനകാലയളവും വിവരങ്ങളും ബോർഡ് കോടതിയെ അറിയിക്കണം. ഉദ്യോഗസ്ഥരുടെ സ്റ്റോർ ഇടപാടുകൾ സംബന്ധിച്ചും പ്രത്യേക റിപ്പോർട്ട് നൽകാൻ ഹൈക്കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.കഴിഞ്ഞ 10 വർഷത്തിനിടെ സുനിൽ സ്വാമി ശബരിമലയിലേക്ക് നൽകിയ പൂജാ സാധനങ്ങളുടെ എല്ലാ ഇടപാടുകളും പുനഃപരിശോധിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ ദേവസ്വം ബോർഡിലെ പല ഉന്നതരും വരും ദിവസങ്ങളിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന.അതിനിടെ, ശബരിമലയ്ക്ക് മുകളിലൂടെ നിരോധിത മേഖല ലംഘിച്ച് ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി തീർപ്പാക്കി. സംഭവത്തിൽ പൊലീസിൻ്റെ കൃത്യമായ അന്വേഷണം പുരോഗമിക്കുന്നതായി സർക്കാർ കോടതിയെ അറിയിച്ചു.മോശം കാലാവസ്ഥയും അന്തരീക്ഷ വ്യതിയാനവും കാരണമാണ് കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്ററിന് വഴിതെറ്റിയതെന്നും മനഃപൂർവം ശബരിമലയ്ക്ക് മുകളിലൂടെ പറന്നതല്ലെന്നുമുള്ള കോസ്റ്റ് ഗാർഡിൻ്റെ ഔദ്യോഗിക വിശദീകരണം കണക്കിലെടുത്താണ് ഹൈക്കോടതി ഈ വിഷയത്തിലുള്ള തുടർനടപടികൾ അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *