മധ്യപ്രദേശിലെ ജബല്പൂരില് ക്രൂയിസ് ബോട്ട് അപകടത്തിന് പിന്നാലെ കടുത്ത നടപടിയുമായി അധികൃതർ. അപകടത്തില്‍പ്പെട്ട ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസില്‍ നിന്ന് പിരിച്ചുവിട്ടു.ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. അപകടത്തിന് കാരണം ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണെന്ന് കണ്ടത്തിയതിന് പിന്നാലെയാണ് നടപടി.ബോട്ടിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ ആളുകളെ കയറ്റിയതാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് സൂചനയുണ്ട്. കൂടാതെ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജീവനക്കാർ വീഴ്ച വരുത്തിയതായും കണ്ടെത്തി. അപകടത്തില്‍പ്പെട്ട് കാണാതായ 4 പേർക്കായി തിരച്ചില്‍ തുടരുകയാണ്. അത്യാധുനിക ഡ്രോണുകളും തെർമ്മല്‍ ഡ്രോണുകളും അടക്കം ഉപയോഗിച്ചാണ് പരിശോധന. തിരച്ചിലിനായി പ്രാദേശിക മത്സ്യതൊഴിലാളികളും രംഗത്തുണ്ട്. വെള്ളിയാഴ്ച്ച വൈകിട്ടാണ് ജബല്‍പൂരിലെ വിനോദസഞ്ചാര കേന്ദ്രമായ ബർഗി ഡാമിൻ്റെ റിസർവോയറില്‍ ബോട്ടുമുങ്ങി അപകടം നടന്നത്. അപകടത്തില്‍ 9 പേർക്കാണ് ജീവൻ നഷ്ടമായത്.
ജബല്‍പൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതര്‍; ബോട്ട് ഓപ്പറേറ്റര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്
