ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ വാദത്തിനിടെ (വീഡിയോ കോൺഫറൻസിങ്) സ്‌ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ ആവർത്തിച്ച് പ്രദർശിപ്പിക്കപ്പെട്ടു. സംഭവത്തെത്തുടർന്ന് കോടതിയുടെ വീഡിയോ കോൺഫറൻസിങ് സംവിധാനം അധികൃതർ നിർത്തിവെച്ചു.കോടതി വീഡിയോ കോൺഫറൻസിങ്ങിലൂടെ വാദം കേൾക്കുന്നതിനിടെ ഒന്നിലധികം തവണ ഇത്തരം തടസങ്ങൾ ഉണ്ടായി. ഇതുമൂലം കോടതി നടപടികൾ രണ്ടുതവണ നിർത്തിവെക്കേണ്ടതായി വന്നു. ഒരു അജ്ഞാത ഉപയോക്താവ് വെർച്വൽ ഹിയറിങ്ങിൽ ലോഗിൻ ചെയ്യുകയും തന്റെ സ്‌ക്രീൻ പങ്കുവെച്ച് അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയുമായിരുന്നെന്നാണ് വിവരം.അശ്ലീല വീഡിയോ പ്രദർശിപ്പിച്ച അക്കൗണ്ടിൽനിന്ന് ആദ്യം ‘നിങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു’ എന്ന സന്ദേശമാണ് പ്രദർശിപ്പിക്കപ്പെട്ടത്. പിന്നീടായിരുന്നു അശ്ലീല വീഡിയോ പ്ലേ ചെയ്തത്. ഇതേ കാര്യം അറിയിച്ചുകൊണ്ട് ഒരു ഓട്ടോമേറ്റഡ് ശബ്ദവും കേൾക്കാമായിരുന്നു.ഹൈക്കോടതിയുടെ വീഡിയോ കോൺഫറൻസിങ് ഇന്റർഫേസിനെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. ശ്രീധർ സർനോബത്, ഷിത്ജീത് സിങ് എന്നീ പേരുകളിലുള്ള അക്കൗണ്ടുകളിൽനിന്നാണ് അശ്ലീല വീഡിയോ പ്രദർശിപ്പിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.ആദ്യതവണ തടസമുണ്ടായപ്പോൾ സിസ്റ്റം റീസ്റ്റാർട്ട് ചെയ്ത് നടപടികൾ പുനരാരംഭിച്ചെങ്കിലും, രണ്ടാമതും ഇത് ആവർത്തിച്ചതോടെ വെർച്വൽ കോടതി സംവിധാനം പൂർണമായും നിർത്തിവെക്കുകയായിരുന്നു. കോടതികളുടെ ഡിജിറ്റൽ സംവിധാനങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന ഗൗരവകരമായ ചോദ്യവും ഈ സംഭവത്തോടെ ഉയരുന്നുണ്ട്.
ഡൽഹി ഹൈക്കോടതി ഓൺലൈൻ ഹിയറിങ്ങിനിടെ സ്‌ക്രീനിൽ അശ്ലീല വീഡിയോ; നടപടികൾ നിർത്തിവെച്ചു
