ന്യൂഡൽഹി: അഴിമതിക്കേസിൽ തൊണ്ടിമുതലായി കണ്ടെത്തിയ പണം എലി തിന്നതിനെ തുടർന്ന് സർക്കാർ ഉദ്യോഗസ്ഥയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ബിഹാറിലെ ശിശുവികസന പദ്ധതി വകുപ്പ് ഉദ്യോഗസ്ഥയായ അരുണാ കുമാരിക്കാണ് ജാമ്യം ലഭിച്ചത്.ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം, കേസിലെ തെളിവുകൾ കൈകാര്യം ചെയ്ത രീതിയിൽ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കൈക്കൂലി കേസിൽ ഉദ്യോഗസ്ഥയിൽ നിന്ന് പിടിച്ചെടുത്ത 10,000 രൂപയുടെ കറൻസി നോട്ടുകളാണ് സ്റ്റോറൂമിലിരുന്ന് എലി തിന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.നോട്ടുകൾ എലി തിന്നുവെന്ന വാദം അത്ഭുതപ്പെടുത്തുന്നതാണെന്നും വിവരം വിശ്വസനീയമല്ലെന്നും കോടതി വ്യക്തമാക്കി. പതിനായിരം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചായിരുന്നു അരുണകുമാരിക്കെതിരായ കേസ്.അഴിമതി നിരോധന നിയമപ്രകാരം അവർക്കെതിരെ കേസെടുക്കുകയും ചെയ്തു. വിചാരണക്കോടതി അരുണയെ കുറ്റവിമുക്തയാക്കിയെങ്കിലും പട്‌ന ഹൈക്കോടതി ആ വിധി റദ്ദാക്കി അവർക്ക് തടവ് ശിക്ഷ വിധിച്ചു. പിടിച്ചെടുത്ത തൊണ്ടിമുതലായ പണം എലികൾ തിന്ന് നശിപ്പിച്ചതിനാൽ തെളിവായി ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു.
തൊണ്ടിമുതലായി കണ്ടെത്തിയ പണം എലി തിന്നു; പ്രതിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
