അമ്മയുടെ വരുമാനം കുട്ടിയുടെ സംരക്ഷണത്തില്‍ നിന്ന് പിതാവിന് ഒഴിഞ്ഞുമാറാനുള്ള കാരണമല്ല: ഉത്തരാഖണ്ഡ് ഹൈക്കോടതി

ഡെറാഡൂൺ: പ്രായപൂർത്തിയാകാത്ത കുട്ടികയെ സംരക്ഷിക്കുന്നതിൽ നിന്നുള്ള നിയമപരമായ ബാധ്യതയിൽ നിന്ന് പിതാവിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. അമ്മ സമ്പാദിക്കുന്നുണ്ടെന്ന കാരണത്താലോ ലോൺ തിരിച്ചടവ് പോലുള്ള ബാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയോ കുട്ടിയുടെ ഉത്തരവാദത്തിൽ നിന്ന് പിതാവിന് മാറിനിൽക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സിആർപിസി സെക്ഷൻ 125 പ്രകാരമാണ് കോടതിയുടെ ഉത്തരവെന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്തു.പ്രായപൂർത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കുക എന്നത് മറ്റെന്തിനേക്കാളും മുൻഗണന നൽകേണ്ട കാര്യമാണ്. സാമ്പത്തിക ബാധ്യതകൾ ചൂണ്ടിക്കാട്ടി ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് കോടതി ആവർത്തിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ഇടക്കാല ജീവനാംശം അനുവദിച്ച റൂർക്കി കുടുംബ കോടതിയുടെ ഉത്തരവിനെതിരെ സമർപ്പിച്ച ക്രമിനൽ റിവിഷൻ ഹർജി ജസ്റ്റിസ് ആശിഷ് നൈതാനി തള്ളി. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണച്ചെലവ് ആവശ്യപ്പെട്ട് അമ്മ നൽകിയ കേസിലായിരുന്നു നടപടി. സംരക്ഷണച്ചെലവിനായുള്ള അപേക്ഷ അനുവദിച്ച റൂർക്കി കുടുംബ കോടതി, പ്രതിമാസം 8,000 രൂപ നൽകാൻ പിതാവിനോട് നിർദേശിച്ചിരുന്നു. തുടർന്ന് കോടതിയുടെ ഉത്തരവിനെതിരെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.മാതാപിതാക്കൾ രണ്ട് പേരും സർക്കാർ ജീവനക്കാരാണെന്നും മുഴുവൻ ഉത്തരവാദിത്തവും തന്റെ മേൽ കെട്ടിവെയ്ക്കരുതെന്നും പിതാവ് കോടതിയിൽ പറഞ്ഞു. തന്റെ ശമ്പളത്തിൽ നിന്നുള്ള വായ്പാ തിരിച്ചടവുകൾ, മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള ചെലവ് തുടങ്ങിയ കാരണങ്ങളാണ് കോടതി ഉത്തരവിട്ട തുക അധികമാണെന്നും പിതാവ് പറഞ്ഞു.അതേസമയം, സ്ഥിരവരുമാനമുള്ള സർക്കാർ ജീവനക്കാരനായ പിതാവിന് കുട്ടിയെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കുട്ടിയുടെ ആവശ്യങ്ങൾ പരിഗണിക്കുമ്പോൾ അനുവദിച്ച തുക അധികമല്ലെന്നും നിയമപരമായ പിഴവുകൾ ഇല്ലാത്തപക്ഷം റൂർക്കി കോടതിയുടെ തീരുമാനത്തിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *