ഇരിങ്ങാലക്കുട : ഏതുസമയത്തും തകർന്നുവീഴാവുന്ന അവസ്ഥയിൽ കച്ചേരിവളപ്പിലെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇരിങ്ങാലക്കുട ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പ്രവർത്തനം മാറ്റുന്നു. ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷനിൽ കോർട്ട് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന റെക്കോഡ് മുറിയിലേക്ക് മാറ്റാനാണ് ഹൈക്കോടതിയുടെ അനുമതി.സിവിൽ സ്റ്റേഷന്റെ രണ്ടാംനിലയിൽ മുൻസിഫ് കോടതിക്ക് സമീപം റെക്കോഡ് മുറിയായി പ്രവർത്തിക്കുന്ന മുറി ഉപയോഗിക്കാമെന്ന് ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു. പഴയകാല റെക്കോഡുകളാണ് ഈ മുറിയിൽ സൂക്ഷിച്ചിരിക്കുന്നത്. സിവിൽ സ്റ്റേഷനിൽ നിർമാണം പൂർത്തിയായിവരുന്ന കോർട്ട് കോംപ്ലക്സിലെ പുതിയ റെക്കോഡ് മുറിയിലേക്ക്, ഈ മുറിയിൽനിന്നുള്ള റെക്കോഡുകൾ മാറ്റിയശേഷം അവിടെ കോടതിയുടെ പ്രവർത്തനം ആരംഭിക്കും. റെക്കോഡ് മുറിയോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന മീഡിയേഷൻ സബ് സെന്ററിന്റെ പ്രവർത്തനങ്ങളും താത്കാലികമായി മറ്റൊരിടത്തേക്ക് മാറ്റും.നേരത്തേ കോടതിക്കായി ഒരുക്കിയ മുറിയായതിനാൽ ചേംബറടക്കം എല്ലാ സൗകര്യങ്ങളും റെക്കോഡ് മുറിയിലുണ്ടെന്നും കോർട്ട് കോംപ്ലക്സ് പൂർത്തിയാകുന്നതുവരെ ഇവിടെ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി താത്കാലികമായി ആ മുറിയിൽ പ്രവർത്തിക്കുമെന്നും ബാർ അസോസിയേഷൻ പ്രസിഡന്റ് വി.എസ്. ലിയോ പറഞ്ഞു.175 കൊല്ലം പഴക്കമുള്ളതും അറ്റകുറ്റപ്പണികളൊന്നും നടത്താതെ അങ്ങേയറ്റം ജീർണാവസ്ഥയിലും ഏറെ അപകടകരവുമായ രീതിയിലും നിൽക്കുന്ന കെട്ടിടത്തിലെ, ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പ്രവർത്തനം അടിയന്തരമായി മറ്റൊരിടത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അഡ്വ. ജെയിംസ് അവറാൻ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയിരുന്നു.ഇതിൽ കേസെടുത്ത മനുഷ്യാവകാശ കമ്മിഷൻ ജില്ലാ ഭരണകൂടത്തോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ പുതിയ സ്ഥലം കണ്ടെത്തി തഹസിൽദാർ വഴി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടയിലാണ് ബാർ അസോസിയേഷൻ നേരിട്ട് ഈ സ്ഥലം ഉപയോഗിക്കാമെന്ന് കാണിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്.
കോടതി സിവിൽ സ്റ്റേഷനിലെ റെക്കോഡ് മുറിയിലേക്ക് മാറ്റാൻ ഹൈക്കോടതി നിർദേശം
