പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, വോട്ടര്‍പട്ടികയില്‍ നിന്നുള്ള പുറത്താക്കലിനെതിരെ നല്കിയ പരാതികളില്‍ അനുകൂല വിധി ലഭിക്കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് സുപ്രീം കോടതി.ഏപ്രില്‍ 21, ഏപ്രില്‍ 27 തീയതികള്‍ക്കുള്ളില്‍ തീര്‍പ്പാക്കുന്ന അപ്പീലുകള്‍ ഉള്‍പ്പെടുത്തി അനുബന്ധ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദ്ദേശിച്ചു.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്.അപ്പീല്‍ ട്രിബ്യൂണലുകള്‍ ഏപ്രില്‍ 21-നോ 27-നോ ഉള്ളില്‍ അനുകൂലമായി തീര്‍പ്പാക്കുന്ന കേസുകള്‍ ഉള്‍പ്പെടുത്തി പുതുക്കിയ പട്ടിക ഇറക്കണം. ഇവര്‍ക്ക് വോട്ട് ചെയ്യാനുള്ള എല്ലാ അവകാശവും ഉണ്ടായിരിക്കും.കേവലം അപ്പീല്‍ നല്കി എന്നതുകൊണ്ട് മാത്രം ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയില്ല. ട്രിബ്യൂണല്‍ അന്തിമമായി പരാതിയില്‍ തീര്‍പ്പ് കല്പ്പിച്ചാല് മാത്രമേ വോട്ടവകാശം ലഭിക്കൂ.വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരും, ചിലരെ ഉള്‍പ്പെടുത്തിയതിനെതിരെ പരാതിപ്പെട്ടവരുമായി ഏകദേശം 34 ലക്ഷത്തോളം അപ്പീലുകളാണ് നിലവിലുള്ളതെന്ന് കോടതി നിരീക്ഷിച്ചു.പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ള ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വോട്ടര്‍പട്ടിക പരിശോധന എന്ന വലിയ ദൗത്യം പൂര്‍ത്തിയാക്കിയതിനെ കോടതി പ്രശംസിച്ചു.ബംഗാളില്‍ ഏപ്രില്‍ 23, ഏപ്രില്‍ 29 തീയതികളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ തീയതികള്‍ക്ക് മുന്‍പായി ട്രിബ്യൂണലുകളുടെ അന്തിമ ഉത്തരവ് ലഭിക്കുന്നവര്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാമെന്ന് കോടതി വ്യക്തമാക്കി. പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി ഏപ്രില്‍ 13 മുതല്‍ 19 അപ്പീല്‍ ട്രിബ്യൂണലുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
ബംഗാള്‍ തിരഞ്ഞെടുപ്പിന് മുൻപ് പരാതികളില്‍ തീര്പ്പായവര്ക്ക് വോട്ട് ചെയ്യാം: തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി
