ചിലന്തിയാർ ചെക്ക് ഡാം! ഹരിത ട്രൈബ്യൂണൽ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു; കേരളത്തിന് ആശ്വാസം

ഇടുക്കി വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമ്മാണം തടഞ്ഞ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ട്രൈബ്യൂണൽ നടപടിക്കെതിരെ സംസ്ഥാന ചീഫ് സെക്രട്ടറി സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ. അന്തർസംസ്ഥാന നദീജല തർക്കങ്ങളിൽ ഇടപെടാൻ ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്നും, വട്ടവട പഞ്ചായത്തിലെ രൂക്ഷമായ ശുദ്ധജലക്ഷാമം പരിഹരിക്കാനാണ് ജൽ ജീവൻ മിഷന്റെ ഭാഗമായി ചെക്ക് ഡാം നിർമ്മിക്കുന്നതെന്നും കേരളം കോടതിയിൽ വാദിച്ചു. കേരളത്തിന്റെ വാദങ്ങൾ പരിഗണിച്ച കോടതി, എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.തമിഴ്‌നാട്ടിലെ അമരാവതി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുമെന്ന റിപ്പോർട്ടുകളെത്തുടർന്നായിരുന്നു മുൻപ് ഹരിത ട്രൈബ്യൂണൽ നിർമ്മാണപ്രവർത്തനങ്ങൾ തടഞ്ഞത്. ഇതിനെതിരെ മാർച്ച് 25-നാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. പദ്ധതി തടഞ്ഞത് വട്ടവടയിലെ ജനങ്ങളുടെ കുടിവെള്ള വിതരണത്തെ ബാധിക്കുമെന്ന് സ്റ്റാൻഡിങ് കൗൺസിൽ നിഷേ രാജൻ ഷൊങ്കർ മുഖേന കേരളം കോടതിയെ അറിയിച്ചു. സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവോടെ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേരളത്തിന് താൽക്കാലികമായി അനുമതി ലഭിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *